സെബാസ്റ്റ്യന് ക്രിമിനൽ മൈൻഡ്; 17-ാം വയസ്സിൽ ബന്ധുക്കളെ കൊല്ലാൻ ഭക്ഷണത്തിൽ വിഷം ചേർത്തതായി സൂചന | Sebastian was arrested in connection with the disappearance of three women and a past incident of attempted poisoning has surfaced | Crime
Last Updated:
സ്വത്തുമായി ബന്ധപ്പെട്ട് പിതൃസഹോദരന്റെ കുടുംബവുമായി സെബാസ്റ്റ്യന് തർക്കമുണ്ടായിരുന്നു
ആലപ്പുഴ: മൂന്നു സ്ത്രീകളുടെ തിരോധനവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ സെബാസ്റ്റ്യനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ (68) 17-ാം വയസ്സിൽ ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകി വധിക്കാൻ ശ്രമിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍, വാരനാട് വെളിയിൽ ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേർത്തല തെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. ഈ സ്ത്രീകളെ സ്വത്തിനും സ്വർണത്തിനും വേണ്ടിയാണ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം.
കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട വിഷയമാണ് ബന്ധുക്കൾക്കു ഭക്ഷണത്തിൽ വിഷം കലർത്തി നൽകാനുള്ള കാരണമെന്നാണ് സൂചന. സ്വത്തുമായി ബന്ധപ്പെട്ട് പിതൃസഹോദരന്റെ കുടുംബവുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് സെബാസ്റ്റ്യൻ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്. ഭക്ഷണം കഴിച്ച മൂന്നു പേർ അവശനിലയിൽ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയൽവാസിയാണ് അന്വേഷണ സംഘത്തോട് പറഞ്ഞെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് അന്ന് പൊലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. എന്നാൽ, സെബാസ്റ്റ്യന്റെ ഒരു ബന്ധു ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ടു ചെരുപ്പുകളും കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് ക്രൈബ്രാഞ്ച്. ഇതിനായി ഡിഎന്‍എ പരിശോധനഫലമാണ് ഇനി നിര്‍ണായകം. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, വാരനാട് സ്വദേശി ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരുടെ ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഉടൻ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cherthala,Alappuzha,Kerala
August 07, 2025 10:50 AM IST