Leading News Portal in Kerala

രണ്ട് വയസുകാരൻ 17 വർഷം കാത്തിരുന്ന് അച്ഛന്റെ കൊലപാതകിയെ കൂട്ടുകാരുമൊത്ത് വെട്ടിക്കൊന്നു | Man awaits 17 years to kill murderer of his father | Crime


Last Updated:

19-കാരനായ കോളേജ് വിദ്യാര്‍ത്ഥിയാണ് കൂട്ടുകാരുമൊത്ത് പിതാവിന്റെ കൊലപാതകിയെ വെട്ടിക്കൊന്നത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

അച്ഛന്റെ കൊലപാതകിയോട് 17 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് മകന്‍. ചെന്നൈയ്ക്കടുത്ത് ടിപി ചത്തിരം എന്ന സ്ഥലത്താണ് സംഭവം നടന്നത്. 19-കാരനായ യുവനേഷ് എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് കൂട്ടുകാരുമൊത്ത് പിതാവിന്റെ കൊലപാതകിയെ വെട്ടിക്കൊന്നത്.

അറിയപ്പെടുന്ന കുറ്റവാളിയായ രാജ് കുമാര്‍ (47) ആണ് കൊല്ലപ്പെട്ടത്. 2008-ലാണ് ഇയാള്‍ യുവനേഷിന്റെ അച്ഛന്‍ സെന്തില്‍ കുമാറിനെ അമിഞ്ചിക്കരയില്‍വച്ച് കൊലപ്പെടുത്തിയത്. അന്ന് യുവനേഷിന് രണ്ട് വയസ്സായിരുന്നു പ്രായം. കേസില്‍ ടിപി ചത്തിരം പോലീസ് യുവനേഷിനെയും രണ്ട് സുഹൃത്തുക്കളെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് പ്രതികാരത്തിന്റെ കഥ പുറത്തറിയുന്നത്.

കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് യുവനേഷ് കൂട്ടുകാരുമൊത്ത് വീടിനടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലപ്പെട്ട രാജ് കുമാര്‍ അവരെ പരിഹസിച്ചിരുന്നു. അതുവരെ പ്രതികാരത്തിന്റെ സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. 2008-ല്‍ നടന്ന അച്ഛന്റെ കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ച് രാജ് കുമാര്‍ യുവനേഷിനെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനുശേഷമാണ് 17-കാരന്‍ അച്ഛന്റെ കൊലയ്ക്ക് പകരം വീട്ടാന്‍ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

രാജ് കുമാര്‍ തന്റെ വീടിന് പുറത്ത് മോട്ടോര്‍ ബൈക്ക് നന്നാക്കുന്നതിനിടെ യുവനേഷും കൂട്ടുകാരും ആയുധങ്ങളുമായെത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. രാജ് കുമാര്‍ ആദ്യം രക്ഷപ്പെട്ടോടി അടുത്തുള്ള വീട്ടില്‍ അഭയം തേടി. എന്നാല്‍ ആക്രമി സംഘം അദ്ദേഹത്തെ പിന്തുടര്‍ന്ന് ആ വീട്ടിലേക്ക് കയറുകയും അവിടെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കുടുംബം ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു സംഭവം. പ്രതികള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

ടിപി ചത്തിരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ ഇന്‍സ്‌പെക്ടര്‍ നസീമയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം തന്നെ രൂപീകരിച്ചു. കേസില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ യുവനേഷിനെയും 20 വയസ്സുള്ള സായ് കുമാറിനെയും 17 വയസ്സുള്ള ഇവരുടെ മറ്റൊരു സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും ഒരേ പ്രദേശത്തുനിന്നുള്ളവരാണ്.

യുവനേഷിന്റെ അച്ഛന്റെ കൊലപാതകത്തില്‍ നിന്നുള്ള ദീര്‍ഘകാലത്തെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയുണ്ടായ പ്രകോപനമാണ് പ്രതികാര കൊലപാതകത്തിന് പദ്ധതിയിടാന്‍ യുവാവിനെ പ്രേരിപ്പിച്ചത്. സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ആറ് പേരെ കൂടി കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. അറസ്റ്റിലായ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.