Leading News Portal in Kerala

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്‍ സഹോദരിയുടെ തല മുണ്ഡനം ചെയ്ത് കൊന്നു; തലേദിവസം കാമുകനെയും|Brother kills sister tonsuring her head on Raksha Bandhan Day After Killing Her Lover | Crime


Last Updated:

പെൺകുട്ടിയുടെയും കാമുകന്റെയും ജാതി, സമുദായ വ്യത്യാസങ്ങൾ കാരണം ഇരുവരുടെയും കുടുംബം ബന്ധത്തെ എതിർത്തിരുന്നതായി പോലീസ് പറയുന്നു

News18News18
News18

ഓഗസ്റ്റ് 9-ന് രാജ്യമെമ്പാടും രക്ഷാബന്ധന്‍ ദിനമായി ആചരിച്ചിരുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ അടയാളമായാണ് രക്ഷാ ബന്ധന്‍ ആചരിക്കുന്നത്. എന്നാല്‍ ഇതേദിവസം ഉത്തര്‍പ്രദേശിലെ ഝാന്‍സിക്ക് സമീപമുള്ള ചന്ദ്രപുര എന്ന ഗ്രാമത്തില്‍ സഹോദരന്‍ സഹോദരിയുടെ തലമുണ്ഡനം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം മൃതദേഹം ഒരു ക്രഷറിന് സമീപമുള്ള പാറക്കെട്ടില്‍ തള്ളിയിട്ടു. ഇതിന് ഒരു ദിവസം മുമ്പ് സഹോദരിയുടെ കാമുകനും 18-കാരനുമായ വിശാല്‍ അഹിര്‍വാറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള ലഹ്ചുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ധാസണ്‍ നദിയുടെ തീരത്ത് കൊണ്ടുപോയി തള്ളിയിട്ടതായും കരുതുന്നു.

മൃതദേഹങ്ങള്‍ കണ്ടെത്തിയത് രണ്ടുദിവസത്തിനുള്ളില്‍

ഓഗസ്റ്റ് 7ന് പെൺകുട്ടിയുടെ സഹോദരൻ അരവിന്ദും കൂട്ടാളി പ്രകാശ് പ്രജാപതിയും കൂടി തഹ്‌റുവാലി പോലീസ് സ്‌റ്റേഷന് കീഴിലുള്ള വിശാലിന്റെ വീട്ടിലെത്തിയിരുന്നു. ഡല്‍ഹിയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന വ്യാജേന വിശാലിനെ ഇരുവരും കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പ്രകാശിനെ തങ്ങള്‍ക്കറിയാമെന്നും ഇയാളുടെ ബന്ധുക്കള്‍ തൊട്ടടുത്ത് താമസിക്കുന്നതിനാല്‍ സംശയമൊന്നും തോന്നിയില്ലെന്നും വിശാലിന്റെ പിതാവ് ഹാല്‍ക്കെ റാം പറഞ്ഞു.

അന്ന് വൈകുന്നേരം വിശാല്‍ പിതാവിനെ ഫോണില്‍ ബന്ധപ്പെടുകയും താന്‍ തഹ്‌റുവാലിയിലാണെന്നും രാത്രി വീട്ടിലെത്താന്‍ സാധ്യതയില്ലെന്നും പറഞ്ഞു. വിശാലിന്റെ കുടുംബം അയാളുമായി അവസാനം ബന്ധപ്പെട്ടത് ഇതായിരുന്നു. ഓഗസ്റ്റ് എട്ടിന് നദിക്കടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ലാച്ചുര പോലീസ് ഒരു അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന്റെ കഴുത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ മൃതദേഹത്തിന്റെ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. തുടര്‍ന്ന് ഇത് വിശാലിന്റെ ബന്ധുക്കളുടെ കൈവശവുമെത്തി. ഓഗസ്റ്റ് 9ന് രാത്രിയാണ് വിശാലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

പിറ്റേന്ന് രാവിലെ ചന്ദ്രപുര ഗ്രാമമുണര്‍ന്നത് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയോടെയാണ്. തല മുണ്ഡനം ചെയ്ത നിലയില്‍ അടുത്തുള്ള ഒരു കുന്നിന്‌റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. അരവിന്ദിന്റെ ഇളയസഹോദരിയായ പുച്ഛു അഹിര്‍വാര്‍ (പുട്ടോയെന്നും അറിയപ്പെടുന്നു) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വിശാലും പുച്ഛുവും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. നുനാര്‍ ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടില്‍വെച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. ഇവരുടെ സൗഹൃദം വൈകാതെ പ്രണയമായി മാറി. എന്നാല്‍ ഇരുവരുടെയും ജാതിയും സമുദായവും വെവ്വേറെയായിരുന്നു. അതിനാല്‍ കുടുംബാംഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നതായി പറയപ്പെടുന്നു.

ഈ വര്‍ഷം ജനുവരിയില്‍ വിശാലും പുച്ഛുവും ഒളിച്ചോടിയിരുന്നു. കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അവരെ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടെത്തി തിരികെ വീട്ടില്‍ കൊണ്ടുവന്നു. പോലീസ് സ്‌റ്റേഷനില്‍വെച്ച് ഇരുവരും ഒത്തുതീര്‍പ്പിലെത്തുകയും പ്രണയം അവസാനിപ്പിക്കുന്നതായി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിശാലിന്റെ കുടുംബം ഹരിയാനയിലേക്ക് താമസം മാറി.

എന്നിരുന്നാലും ഇരുവരും ഫോണിലൂടെ ആശയവിനിമയം തുടര്‍ന്നു. മാതാപിതാക്കള്‍ എതിര്‍ത്തെങ്കിലും അത് വകവയ്ക്കാതെ പ്രണയം തുടര്‍ന്നു. കൊലപാതകം നടക്കുന്നതിന് മുമ്പ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിനായി വിശാലിന്റെ കുടുംബം പഴയഗ്രാമത്തിലേക്ക് മടങ്ങി. ഇത് വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ കാരണമായെന്നാണ് കരുതുന്നത്.

സഹോദരനെതിരേ ആരോപണങ്ങള്‍

പ്രകാശിന്റെ സഹായത്തോടെ അരവിന്ദ് ഇരുവരെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി വിശാലിന്റെ പിതാവ് ആരോപിച്ചു. തന്റെ മകനാണ് കൊലപാതകം നടത്തിയതെന്ന് പുച്ഛുവിന്റെ പിതാവ് പപ്പു അഹിര്‍വാന്‍ പോലീസിനോട് സമ്മതിച്ചു.

”എന്റെ മകള്‍ കാമുകനോടൊപ്പം പോകാന്‍ വീണ്ടും പദ്ധതിയിട്ടിരുന്നു. തുടര്‍ന്ന് അരവിന്ദ് ഇതില്‍ അവളോട് ദേഷ്യപ്പെട്ടു. മകളുടെ തല മുണ്ഡനം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുന്നിന്റെ മുകളില്‍ തള്ളുകയായിരുന്നു,” പപ്പു പറഞ്ഞു.

പോലീസ് അന്വേഷണം

പെണ്‍കുട്ടിയുടെ സഹോദരനാണ് കൊലപാതകങ്ങള്‍ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു. വിശാലിനെ കൂട്ടിക്കൊണ്ടുപോയ യുവാവ് ഉള്‍പ്പെടെ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ മൂന്ന് പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്”, എഎസ്പി ബിബിജിടിഎശ് മൂര്‍ത്തി പറഞ്ഞു.

”പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയും. പ്രണയത്തോടുള്ള എതിര്‍പ്പ് കണക്കിലെടുത്ത് ദുരഭിമാന കൊലയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.