പ്രണയം നിരസിച്ചതിന് യുവതിയുടെ ഭർത്താവിന് മ്യൂസിക് സ്പീക്കറിൽ ബോംബ് ഘടിപ്പിച്ച് അയച്ച 20കാരൻ പിടിയിൽ| man gifts speakers rigged with explosives to lovers husband for rejecting love | Crime
Last Updated:
സ്പീക്കർ പവർ സപ്ലൈയുമായി ബന്ധിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന വിധമായിരുന്നു സജ്ജീകരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു
റായ്പുർ: യുവതിയുടെ ഭർത്താവിന് സ്പീക്കറിൽ ഘടിപ്പിച്ച് പാഴ്സൽ ബോംബയച്ച 20 വയസുകാരൻ പിടിയിൽ. ഛത്തീസ്ഗഡിലെ ഖൈറഗഡിലെ മാൻപൂരിലെ വിനയ് വർമയാണ് പിടിയിലായത്. കോളജിൽ പഠിക്കുന്നകാലം മുതൽ വിനയ് യുവതിയെ പ്രണയിച്ചിരുന്നെങ്കിലും തിരിച്ചുണ്ടായിരുന്നില്ല. ഇതുകാരണം വിനയ് അസ്വസ്ഥനായിരിക്കെയാണു യുവതിയുടെ വിവാഹം. തുടർന്നാണ് അവരുടെ ഭർത്താവായ അഫ്സർ ഖാനെ ലക്ഷ്യംവച്ച് വിനയ് പാഴ്സൽ ബോംബയച്ചത്. ഇന്റർനെറ്റിൽ തിരഞ്ഞാണ് യുവാവ് ബോംബ് നിർമാണം പഠിച്ചത്.
വിനയ് വർമയെ അറസ്റ്റ് ചെയ്തതിനൊപ്പം, മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അനധികൃത സ്ഫോടകവസ്തു മാഫിയയിലെ 6 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരാണു പാഴ്സൽ ബോംബുണ്ടാക്കാനായി യുവാവിന് ജലറ്റിൻ സ്റ്റിക്കുകൾ നൽകിയത്. 2 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുവാണ് മ്യൂസിക് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് പാഴ്സലാക്കി അഫ്സർ ഖാന്റെ കടയിൽ മറ്റൊരാൾവഴി വിനയ് എത്തിച്ചത്. സംശയം തോന്നിയ അഫ്സർ പാക്കേജ് തുറക്കാതെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇലക്ട്രീഷ്യനായ അഫ്സർ ഒരു ചെറിയ ഇലക്ട്രോണിക്സ് കട നടത്തുന്നുണ്ട്. നന്നായി പൊതിഞ്ഞ പാഴ്സലിൽ ഇന്ത്യാ പോസ്റ്റിന്റെ വ്യാജ സ്റ്റിക്കറും പതിച്ചിരുന്നു. ഓഗസ്റ്റ് 15ന് പാഴ്സൽ അഴിച്ചപ്പോൾ സ്പീക്കർ കണ്ടെത്തി. സാധാരണയേക്കാൾ കൂടുതൽ ഭാരം അനുഭവപ്പെട്ടതോടെയാണ് അഫ്സറിന് സംശയം തോന്നിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. പരിശോധനയിൽ സ്പീക്കറിനുള്ളില്‍ സ്ഫോടക വസ്തുക്കൾ കണ്ടെത്തി.
പ്രതി വിനയ് ശർമയും ഐടിഐ പഠനം കഴിഞ്ഞ് ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ്. ഇതിനൊപ്പം കുഴൽക്കിണർ കുഴിക്കുന്ന ജോലിയും ഇദ്ദേഹം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ ഫോൺ വിശദമായി പരിശോധിച്ചപ്പോൾ സ്ഫോടക വസ്തുക്കളുടെ നിർമാണത്തെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. സ്പീക്കർ പവർ സപ്ലൈയുമായി ബന്ധിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന വിധമായിരുന്നു സജ്ജീകരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Summary: A 20-year-old electrician in Chhattisgarh, obsessed with a married woman, allegedly tried to kill her husband by sending him a parcel bomb disguised as a speaker gift, police said on Sunday. The accused, Vinay Verma, was reportedly infatuated with the woman since her college days. After she married Afsar Khan a few months ago, Verma allegedly conspired to kill Khan. He assembled an improvised explosive device (IED) using online tutorials, and hid it inside a brand-new music system speaker.
August 18, 2025 10:08 AM IST
പ്രണയം നിരസിച്ചതിന് യുവതിയുടെ ഭർത്താവിന് മ്യൂസിക് സ്പീക്കറിൽ ബോംബ് ഘടിപ്പിച്ച് അയച്ച 20കാരൻ പിടിയിൽ