അൻസിലിനെ അഥീന വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; വിഷപാനീയം നൽകിയത് ഉത്തേജനത്തിനെന്ന് വിശ്വസിപ്പിച്ച്| kothamangalam anzil death case more details from police | Crime
Last Updated:
റെഡ്ബുള്ളിന്റെ കാനിൽ വിഷം കലർത്തി അൻസിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു
കോതമംഗലത്ത് ആൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷപാനീയം നൽകി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. അഥീന കാമുകനായ അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായാണെന്ന് പൊലീസ് പറയുന്നു. ഒരു തവണ ബന്ധപ്പെട്ട ശേഷമായിരുന്നു കൊലപാതകം. റെഡ്ബുള്ളിന്റെ കാനിൽ വിഷം കലർത്തി അൻസിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു.
അൻസിൽ ലഹരി ഉപയോഗിക്കുന്നയാളാണ്. ലഹരി വിൽപനയ്ക്കും മറ്റിടപാടുകൾക്കും അഥീനയെ ഉപയോഗിച്ചിരുന്നു. ഇതിന്റെ പേരിൽ സാമ്പത്തിക ഇടപാടുകളും തർക്കങ്ങളും ഇവർക്കിടയിലുണ്ടായിരുന്നു. അൻസിലിൽ നിന്ന് മർദനവും അഥീനയ്ക്ക് ഏല്‍ക്കേണ്ടിവന്നിരുന്നു. തുടര്‍ന്നാണ് വകവരുത്താൻ തീരുമാനിച്ചത്. എനർജി ഡ്രിങ്കായ റെഡ്ബുള്ളിന്റെ കാനിൽ 2 എംഎൽ വരുന്ന കളനാശിനി ചേർത്തു. വീട്ടിലേക്ക് വരുന്ന സമയത്തും അൻസിൽ ലഹരി ഉപയോഗിച്ചിരുന്നു. അൻസിൽ ഇത് കുടിച്ചശേഷം, ഇനി നിന്റെ ശല്യം ഉണ്ടാകാൻ പാടില്ല, തീർക്കുകയാണെന്ന് അഥീന പറഞ്ഞു.
ജൂലായ് 30-ന് പുലര്‍ച്ചെയാണ് സുഹൃത്തായ അഥീന അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തികതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നു. ജൂലായ് 29-ന് രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന അഥീന അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. 30-ന് പുലര്‍ച്ചെയോടെ വിഷംകലര്‍ത്തിയ എനര്‍ജിഡ്രിങ്ക് കുടിക്കാന്‍ നല്‍കി. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ അന്‍സില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലായ് 31ന് രാത്രി മരിച്ചു.
വിഷം നല്‍കിയശേഷം അഥീന തന്റെ വീടിനുസമീപം ഒരാള്‍ വിഷം കഴിച്ച് കിടക്കുന്നതായി പൊലീസില്‍ വിവരം നല്‍കിയിരുന്നു. അന്‍സിലും കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് വിഷം ഉള്ളില്‍ച്ചെന്ന് താന്‍ അവശനാണെന്ന് അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അന്‍സിലിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി. ആംബുലന്‍സുമായെത്തിയ ബന്ധുവിനോടും പൊലീസിനോടും ആശുപത്രിയില്‍ വെച്ച് ഡോക്ടറോടും അഥീനയാണ് തനിക്ക് വിഷം നല്‍കിയതെന്ന് അന്‍സില്‍ പറഞ്ഞിരുന്നു.
Kothamangalam,Ernakulam,Kerala
August 19, 2025 10:04 AM IST
അൻസിലിനെ അഥീന വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; വിഷപാനീയം നൽകിയത് ഉത്തേജനത്തിനെന്ന് വിശ്വസിപ്പിച്ച്