ചികിത്സയ്ക്കെത്തിയ 16 കാരിയെ പീഡിപ്പിച്ചു; ആയൂർവേദ ഡോക്ടര്‍ അറസ്റ്റില്‍ | Ayurveda doctor arrested for sexually abusing 16 year old girl in Nadapuram | Crime
Last Updated:
ആശുപത്രിയിലെത്തിയിരുന്ന വിദ്യാര്‍ത്ഥിനികളടക്കമുള്ള മറ്റു സ്ത്രീകളോടും ഡോക്ടർ മോശമായി പെരുമാറിയോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 16 കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍.നാദാപുരം-തലശേരി റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന ആശുപത്രിയിലെ യുവഡോക്ടര്‍ ശ്രാവണാണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാദാപുരം-തലശേരി റോഡില്‍ സ്ഥിതി ചെയ്യുന്ന ആയുര്‍വേദ ആശുപത്രിയില്‍ അമ്മയ്ക്കൊപ്പം ചികിത്സയ്ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. പരിശോധനയ്ക്കെന്ന വ്യാജേന അപമര്യാദയായി പെരുമാറിയ പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നു എന്നാണ് പരാതി.
പെട്ടെന്നുണ്ടായ മാനസിക ആഘാതത്തില്‍ പീഡനത്തെക്കുറിച്ച് അമ്മയോട് പറയാന്‍ കഴിയാതെ വന്ന പെണ്‍കുട്ടി പിന്നീട് ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് ക്യത്യം നടന്നതായി കണ്ടെത്തിയ ശേഷമാണ് ഡോക്ടറായ ശ്രാവണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ രീതിയില്‍ ആശുപത്രിയിലെത്തിയിരുന്ന വിദ്യാര്‍ത്ഥിനികളടക്കമുള്ള മറ്റു സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറിയിരുന്നുവോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Kozhikode,Kerala
August 19, 2025 8:06 PM IST