സുഹൃത്തുക്കൾ തമ്മില്‍ മദ്യപിക്കുന്നതിനിടയിലെ വാക്കുതർക്കം പരിഹരിക്കാനെത്തിയയാളെ വെട്ടിക്കൊന്നു|man who tried solve argument between friends while they were drinking was hacked to death | Crime
Last Updated:
യുവാവിന്റെ കഴുത്തിന് വെട്ടേറ്റ് തലയിലേക്കുള്ള ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു
തൊടുപുഴ: സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാനെത്തിയ യുവാവ് വെട്ടേറ്റു മരിച്ചു. ഇടുക്കി തൊടുപുഴ കരിമണ്ണൂരാണ് സംഭവം. കിളിയറ പുത്തന്‍പുരയില്‍ വിൻസെന്റ് (42) ആണ് മരിച്ചത്. സംഭവത്തിൽ മാരാംപാറ കാപ്പിലാംകുടിയില്‍ ബിനു ചന്ദ്രനെ (38) കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തിന് വാക്കത്തിക്ക് വെട്ടേറ്റ് തലയിലേക്കുള്ള ഞരമ്പ് മുറിഞ്ഞതാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 27 ബുധനാഴ്ചയാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച് കൃത്യം നടന്ന ദിവസം കരിമണ്ണൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ എല്‍ദോസും സുഹൃത്തുക്കളും കമ്പിപ്പാലത്തുള്ള വാടകകെട്ടിടത്തില്‍ വച്ച് ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ബിനുവും എൽദോസും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടര്‍ന്ന് എല്‍ദോസിന്റെ തലയ്ക്ക് ബിനു ബിയര്‍ കുപ്പിക്ക് അടിച്ചു. അതേദിവസം രാത്രിയോടെ പ്രശ്നം പരിഹരിക്കുന്നതിനായി എല്‍ദോസ് വിന്‍സെന്റിനെ കൂട്ടി രാത്രി ബിനുവിന്റെ വാടകമുറിയിലെത്തി. ഇവിടെ വച്ച് ഇരുകൂട്ടരും തമ്മിൽ സംസാരം ഉണ്ടാകുകയും ഒടുവിൽ അത് കൈയേറ്റത്തിൽ കലാശിച്ചിതായി പോലീസ് അറിയിച്ചു. വിന്‍സെന്റിനെ ബിനു വാക്കത്തിക്ക് വെട്ടുകയായിരുന്നു. ഉടൻ തന്നെ വിന്‍സെന്റിനെ ഓട്ടോറിക്ഷയില്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കരിമണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്‌ഐ ബേബി ജോസഫ്, സിപിഒമാരായ ഷാനവാസ്, രാഹുല്‍ സിബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
August 29, 2025 11:16 AM IST
സുഹൃത്തുക്കൾ തമ്മില്‍ മദ്യപിക്കുന്നതിനിടയിലെ വാക്കുതർക്കം പരിഹരിക്കാനെത്തിയയാളെ വെട്ടിക്കൊന്നു