‘തുടരെ മൂക്കിലിടിച്ചു’; മറുനാടൻ ഷാജനെ മർദിച്ച 5 DYFI പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് | Marunadan Shajan Scaria attack case attempt to murder against 5 dyfi activicts | Crime
Last Updated:
ഷാജൻ വരുന്നതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്
തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ വാഹനം തടഞ്ഞ് ആക്രമിച്ചു പരിക്കേൽപ്പിച്ച 5 പേർക്കെതിരെ വധശ്രമത്തിനു ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും ഇതിൽ 4 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികൾ ഒളിവിലെന്നാണ് പൊലീസിന്റെ വിശദീകരണം.
കാറിൽ സഞ്ചരിക്കവേ ശനിയാഴ്ച വൈകിട്ട് ആറരയോടെ തൊടുപുഴ മങ്ങാട്ടുകവലയിലാണ് ഷാജന് മർദേനമേറ്റത്. ഷാജന്‍ ഓടിച്ച വാഹനത്തിന് കുറുകെ ജീപ്പ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. കാറില്‍ നിന്ന് പുറത്തിറക്കാനായിരുന്നു ശ്രമം. എതിര്‍ത്തതോടെ വാഹനത്തിലുള്ളിലിട്ട് മുഖത്തും മൂക്കിലും വലതു നെഞ്ചിലും ഇടിച്ചു എന്നാണ് എഫ്ഐആര്‍. ‘നിന്നെ കൊന്നിട്ടേ പോകൂ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
മൂക്കിൽനിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു. തൊടുപുഴ എസ്എച്ച്ഒ എസ് മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റി. ഷാജൻ വരുന്നതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെനിനു കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. വിയോജിപ്പുകളെ നിയമപരമായും ജനാധിപത്യപരമായും നേരിടുന്നതിനു പകരം കയ്യൂക്കിന്റെ വഴിയിലേക്കു നീങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് കെ പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ പറഞ്ഞു.
Thodupuzha,Idukki,Kerala
September 01, 2025 6:45 AM IST