മറുനാടൻ ഷാജൻ സ്കറിയയെ മർദിച്ച നാലുപേർ ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ| Four men who beat up marunadan editor Shajan Skariah arrested | Crime
Last Updated:
ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്
ഇടുക്കി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവർ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം കാർ തടഞ്ഞ് ആക്രമിച്ചത്. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബർ ഗ്രൂപ്പുകളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്.
ഷാജൻ സ്കറിയെയെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമിക്കുന്നതും ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജൻ സ്കറിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവർത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജൻ സ്കറിയ പറഞ്ഞു.
Thodupuzha,Idukki,Kerala
September 01, 2025 11:27 AM IST