ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; 2500 രൂപ മോഷ്ടിച്ചു Intruder sexually assaults Woman At Bengaluru PG steals her money | Crime
Last Updated:
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ യുവതിയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തുകയും 2500 രൂപ മോഷ്ടിച്ചതായും പരാതി. ഓഗസ്റ്റ് 29ന് ബിടിഎം ലേഔട്ടിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. സുദ്ദുഗുണ്ടേപാളയ പോലീസ് സ്‌റ്റേഷനില്‍ 21കാരിയായ യുവതി പരാതി നല്‍കി.
ഗംഗോത്രി സര്‍ക്കിളിനടുത്തുള്ള ലക്ഷ്മണ ദുര്‍ഗ ലേഡീസ് പിജിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. നഗരത്തില്‍ ജോലി ചെയ്യുന്ന യുവതി ഈ സമയം ഉറങ്ങുകയായിരുന്നു. പൂട്ടിയിട്ട മുറിയില്‍ കയറിക്കൂടിയ ഒരാള്‍ തന്റെ കാലുകളിലും കൈകളിലും അനുചിതമായി സ്പര്‍ശിച്ചുവെന്ന് യുവതി ആരോപിച്ചു. തുടര്‍ന്ന് അവര്‍ എതിര്‍ത്തപ്പോള്‍ അയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതിയെ തടയാന്‍ യുവതി ശ്രമിക്കുന്നതും ഇയാള്‍ ഇടനാഴിയിലേക്ക് ഓടിക്കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കെട്ടിടത്തിനുള്ളിലെ പടിക്കെട്ടില്‍വെച്ച് പ്രതി യുവതിയെ വീണ്ടും ആക്രമിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ യുവതിയുടെ മുറിയില്‍ അവരുടെ റൂംമേറ്റുകളിലൊരാള്‍ ഉറങ്ങുന്നുണ്ടായിരുന്നു. മറ്റൊരാള്‍ ജോലിസ്ഥലത്തുമായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ”ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനും അറസ്റ്റു ചെയ്യാനുമുള്ള തെളിവുകള്‍ ശേഖരിക്കുകയാണ്,” ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം നടന്ന പിജി കെട്ടിടം രണ്ട് മാസം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ സംഭവം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കി. യുവതിയുടെ മുറിയില്ല, മറിച്ച് പ്രവേശന കവാടത്തിലാണ് ആക്രമണം നടന്നതെന്ന് പിജി ഉടമ അവകാശപ്പെട്ടു. അതേസമയം, കെട്ടിടത്തിന്റെ ഉള്ളിലെ ഇടനാഴിയില്‍ വെച്ച് സംഘര്‍ഷം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പുറത്തുനിന്നുള്ളവര്‍ ബലപ്രയോഗത്തിലൂടെ അകത്തുകടന്നാല്‍ അത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയില്ലെന്നും ഉടമ പറഞ്ഞു.
Bangalore,Karnataka
September 01, 2025 3:05 PM IST
ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; 2500 രൂപ മോഷ്ടിച്ചു