നന്ദി ഇന്‍സ്റ്റ ഒരായിരം നന്ദി; ഏഴ് വര്‍ഷമായി കാണാതായ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം റീലില്‍Married UP Man who has been missing for seven years is on a reel with another woman | Crime
Last Updated:
റീലില്‍ കണ്ടത് ഭർത്താവ് തന്നെയാണ് തിരിച്ചറിഞ്ഞതോടെ ഭാര്യ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
വർഷങ്ങളായി ഒളിച്ചുകഴിയുകയായിരുന്ന യുവാവിനെ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തി. ഏഴ് വര്‍ഷമായി കാണാമറയത്തായിരുന്ന ഭര്‍ത്താവിനെ ഭാര്യ ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. മറ്റൊരു സ്ത്രീയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നാണ് ഏഴ് വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ ഭാര്യ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഷീലു എന്ന യുവതിയാണ് കാണാതായ ഭര്‍ത്താവ് ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും കണ്ടെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം 2018-ലാണ് ജിതേന്ദ്ര കുമാറിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.
വിവാഹത്തിനുശേഷം ഇവരുടെ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. സ്വര്‍ണ്ണ മാലയും മോതിരവും ഉള്‍പ്പെടെ ആവശ്യപ്പെട്ടതായും സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ പീഡിപ്പിച്ചതായും ഷീലു ആരോപിച്ചു. ഇതോടെ ഇവരുടെ ദാമ്പത്യം തകര്‍ന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ അവളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജിതേന്ദ്ര കുമാറിനെതിരെ ഷീലുവിന്റെ കുടുംബം സ്ത്രീധന പീഡനം ആരോപിച്ച് കേസ് കൊടുത്തു.
എന്നാൽ കേസിന്റെ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ജിതേന്ദ്ര കുമാര്‍ അപ്രത്യക്ഷനായി. ഇയാളെ കാണിനില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പിതാവ് 2018 ഏപ്രിലില്‍ ഒരു പരാതിയും നല്കി. പോലീസ് ഇയാള്‍ക്കായി തിരഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെ ജിതേന്ദ്രയുടെ പിതാവ് ഷീലുവിനെതിരെ കൊലപാതക ആരോപണവുമായി കേസ് കൊടുത്തു. ഷീലു ജിതേന്ദ്രയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചതായി കുടുംബം ആരോപിച്ചു.
വര്‍ഷങ്ങളോളം ഭര്‍ത്താവിനെ കാണാതായതിന്റെ പേരില്‍ ഷീലു സംശയത്തിന്റെ നിഴലില്‍ ജീവിച്ചു. ഒടുവിൽ സോഷ്യൽ മീഡിയയിലൂടെ സത്യം പുറത്തുവന്നു.
ജിതേന്ദ്ര മറ്റൊരു സ്ത്രീക്കൊപ്പം നില്ക്കുന്ന ഇന്‍സ്റ്റഗ്രാം റീല്‍ ഷീലു കണ്ടതോടെയാണ് സത്യം പുറത്തുവന്നത്. റീലില്‍ കണ്ടത് അയാള്‍ തന്നെയാണ് തിരിച്ചറിഞ്ഞതോടെ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. ജിതേന്ദ്ര തന്നെ കാണാനില്ലെന്ന കഥ കെട്ടിച്ചമച്ചതാണെന്നും ലുധിയാനയില്‍ മറ്റൊരു വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയതായും പുതിയ ജീവിതം ആരംഭിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു.
സാന്‍ഡില സര്‍ക്കിള്‍ ഓഫീസര്‍ സന്തോഷ് സിംഗ് ജിതേന്ദ്രയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. ദ്വിഭാര്യത്വം, വഞ്ചന, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി. ജിതേന്ദ്ര നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
New Delhi,Delhi
September 02, 2025 3:15 PM IST
