നടി ഒരു വർഷത്തിനിടെ ദുബായിലേക്ക് പോയത് 30 തവണ; സ്വർണക്കടത്തിന് 12 ലക്ഷം കമ്മിഷൻ; രന്യ റാവുവിന് 102 കോടി പിഴ|Actress Ranya Rao fined 102 crore over gold smuggling from Dubai | Crime
Last Updated:
12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകളുമായാണ് രന്യ റാവു പിടിയിലായത്
ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ നടി രന്യ റാവുവിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. ഈ കേസിൽ ഉൾപ്പെട്ട ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹിൽ സക്കറിയ, ഭരത് കുമാർ ജെയിൻ എന്നിവർക്കും യഥാക്രമം 63 കോടി, 56 കോടി രൂപ എന്നിങ്ങനെ പിഴ ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ബെംഗളൂരു സെൻട്രൽ ജയിലിൽ വെച്ച് ഡിആർഐ ഉദ്യോഗസ്ഥർ ഇവർ മൂന്ന് പേർക്കും 250 പേജുള്ള നോട്ടീസും 2,500 പേജുള്ള അനുബന്ധ രേഖകളും കൈമാറി.
മാർച്ച് മൂന്നിനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രന്യ റാവു 14.8 കിലോ സ്വർണവുമായി പിടിയിലായത്. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. ഡിആർഐ അന്വേഷണത്തിൽ, ഒരു വർഷത്തിനിടെ രന്യ റാവു 30 തവണ ദുബായ് സന്ദർശിച്ചതായും ഓരോ കിലോ സ്വർണ്ണത്തിനും ഒരു ലക്ഷം രൂപ വീതം കമ്മീഷൻ ലഭിച്ചിരുന്നതായും കണ്ടെത്തി. 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകളുമായാണ് രന്യ റാവു പിടിയിലായത്.
പോലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നടി പിടിയിലായത്. ഇതേ തുടർന്ന് രന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഈ കേസിൽ ആകെ 17.29 കോടി രൂപയുടെ വസ്തുക്കളാണ് കണ്ടെടുത്തത്. ഓരോ ദുബായ് യാത്രയിലും കിലോക്ക് ഒരു ലക്ഷം രൂപ എന്ന കണക്കിൽ 12-13 ലക്ഷം രൂപയാണ് കമ്മീഷനായി രന്യ നേടിയിരുന്നത്. മാർച്ച് മൂന്നിന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വർണം ഒളിപ്പിച്ചിരുന്നു.
ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ റാവു. രാമചന്ദ്ര റാവുവിന്റെ രണ്ടാം ഭാര്യയുടെ മകളാണ് ഇവർ. ‘മാണിക്യ’ (2014) എന്ന സിനിമയിലൂടെയാണ് രന്യ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ‘വാഗ’ (2014) എന്ന തമിഴ് ചിത്രത്തിലും ‘പട്ടാക്കി’ (2017) എന്ന കന്നഡ ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ഇവർ സിനിമാ രംഗത്ത് സജീവമായിരുന്നില്ല.
Bangalore [Bangalore],Bangalore,Karnataka
September 03, 2025 8:06 AM IST
നടി ഒരു വർഷത്തിനിടെ ദുബായിലേക്ക് പോയത് 30 തവണ; സ്വർണക്കടത്തിന് 12 ലക്ഷം കമ്മിഷൻ; രന്യ റാവുവിന് 102 കോടി പിഴ
