Leading News Portal in Kerala

ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ ബന്ധുവിനെ കൊലപ്പെടുത്തി മൃതദേഹം ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടി|man kills cousin over affair with wife buries body with own excavator | Crime


Last Updated:

കൊലപാതകശേഷം പ്രതി ജെസിബി ഉപയോഗിച്ച് പത്ത് അടി താഴ്ചയുള്ള കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു

News18News18
News18

രാജസ്ഥാനില്‍ ഭാര്യയുമായി വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് അടുത്ത ബന്ധുവിനെ യുവാവ് ഇരുമ്പുദണ്ഡുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സ്വന്തം ഖനിയില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് മറവ് ചെയ്തു. നാഗൗര്‍ ജില്ലയിലെ ഭവണ്ടയില്‍ സോഹന്റാം (29) എന്നയാളാണ് തന്റെ കസിനായ മുകേഷ് ഗാല്‍വയെ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 27നാണ് സംഭവം. പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് അറിയിച്ചു. തൊട്ടടുത്തുള്ള ഭട്‌നോഖ ഗ്രാമത്തില്‍ നടന്ന ഗണേശോത്സവ പരിപാടിയിലേക്ക് മുകേഷിനെ ക്ഷണിച്ചുവരുത്തിയശേഷം ഇയാള്‍ കബളിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

രാത്രി വൈകിയാണ് ഗണേശോത്സവ പരിപാടികള്‍ അവസാനിച്ചത്. ഇതിനു ശേഷം സോഹന്‍ റാം മുകേഷിനെ ജനക്കൂട്ടത്തിനടുത്തുനിന്ന് മാറ്റി ഗ്രാമത്തിലെ റോഡിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ഇരുമ്പുവടി ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം സ്വന്തം ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ ജെസിബി ഉപയോഗിച്ച് പത്ത് അടി താഴ്ചയുള്ള ഒരു കുഴിയെടുത്ത് മൃതദേഹം അതില്‍ മറവ് ചെയ്തു. മൃതദേഹം കുഴിച്ചിട്ട സ്ഥലം തിരിച്ചറിയാതിരിക്കാന്‍ മണലും ചെറിയ കല്ലുകളും ഉപയോഗിച്ച് മൂടുകയും ചെയ്തു.

മുകേഷ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 29ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സോഹന്‍ റാമിനെ സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുകേഷിന് ഭാര്യയോടുള്ള ബന്ധത്തില്‍ തനിക്ക് ”വേദനിച്ചതായി” ഇയാള്‍ പോലീസിനോട് പറഞ്ഞു. മുകേഷിനെ കൊലപ്പെടുത്തിയതായും പോലീസിനോട് സമ്മതിച്ചു.

ബുധനാഴ്ച സോഹന്‍ റാമിനെ പോലീസ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് എത്തിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറി.

കൊലപാതക കുറ്റം ചുമത്തി സോഹന്‍ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയ ബന്ധുവിനെ കൊലപ്പെടുത്തി മൃതദേഹം ജെസിബി ഉപയോഗിച്ച് കുഴിച്ചുമൂടി