Leading News Portal in Kerala

തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ| parents raising suspicions in 48 year old sons death in haripad alappuzha | Crime


Last Updated:

രാജീവ് ഇരുന്ന കസേരയ്ക്ക് സമീപം ബ്ലേഡുകൾ ഉണ്ടായിരുന്നു. അതിൽ രക്തം പുരണ്ടതായി കണ്ടില്ല. കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു

രാജീവ്രാജീവ്
രാജീവ്

ആലപ്പുഴ: തിരുവോണ രാത്രിയിൽ വീടിന്റെ വരാന്തയിൽ കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. കരുവാറ്റ പുലരിയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകൻ രാജീവിനെ(48)യാണ് കഴുത്തിനു മുറിവേറ്റ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. രാജീവ് ജീവനൊടുക്കേണ്ട തരത്തിലുള്ള കാരണങ്ങളൊന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. വീടിനു മുന്നിലെ തെരുവുവിളക്ക് അന്ന് കത്താതിരുന്നതും സംശയം ഉണ്ടാക്കുന്നുണ്ട്.

വീടിനു സമീപമുള്ള കരുവാറ്റ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യം ഉണ്ടായിരുന്നതായി വീട്ടുകാർ ആരോപിച്ചു. കൊലപാതകം ആണെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും മാതാപിതാക്കൾ സിഐക്ക് നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടു. രാത്രി ഭക്ഷണം കഴിച്ചശേഷം ഗേറ്റ് പൂട്ടാൻ പുറത്തിറങ്ങിയ രാജീവ് പിന്നീട് വരാന്തയിൽ കസേരയിൽ ഇരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ശബ്ദം കേട്ടു വന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കമഴ്ന്നു കിടക്കുകയായിരുന്നു.

വീട്ടുകാർ ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജീവ് ഇരുന്ന കസേരയ്ക്ക് സമീപം ബ്ലേഡുകൾ ഉണ്ടായിരുന്നു. അതിൽ രക്തം പുരണ്ടതായി കണ്ടില്ല. കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

കഴുത്തിലെ മുറിവുകൂടാതെ രണ്ട് കൈകളിലെ വിരലുകൾക്കും മുറിവേറ്റിട്ടുണ്ട്. മറ്റു പാടുകളൊന്നും ശരീരത്തിൽ ഇല്ലെന്നും ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.

രാജീവ് സ്വയം ചെയ്തതാണെങ്കിൽ മുറിക്കാൻ ഉപയോഗിച്ച രക്തം പുരണ്ട ബ്ലേഡുകൾ എന്തുകൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാതാപിതാക്കൾ ചോദിക്കുന്നു. പൊലീസ് വീടിന്റെ പരിസരം മുഴുവൻ പരിശോധിച്ചിട്ടും കഴുത്തിൽ മുറിവുണ്ടാക്കിയ ഒരായുധവും കണ്ടെത്തിയിട്ടില്ല. ബ്ലേഡുകൾ കൊണ്ട് ഇത്രയും ആഴത്തിൽ സ്വയം മുറിവ് ഉണ്ടാക്കാൻ കഴിയുമോ തുടങ്ങിയ സംശയങ്ങളാണ് വീട്ടുകാർ ഉന്നയിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ