മദ്യലഹരിയിൽ വിവാഹ സ്ഥലത്ത് യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ| Government Officer Arrested for Molesting Woman in a wedding destination at kundara kollam | Crime
Last Updated:
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു. കുണ്ടറ സ്റ്റേഷനിലെ സിപിഒ റിയാസിന് പരിക്കേറ്റു. മുഖത്തും കയ്യിലും പരിക്കേറ്റ റിയാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
കൊല്ലം കുണ്ടറയിൽ വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജൂനിയര്‍ കോര്‍പ്പറേറ്റീവ് ഇൻസ് പെക്ടറും ചവറ തെക്കുംഭാഗം സ്വദേശിയുമായ സന്തോഷ് തങ്കച്ചൻ (38) ആണ് പിടിയിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സന്തോഷ്. സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറയുകയും ചെയ്തു.
കുടുംബവുമായി എത്തിയ യുവതിയോട് സന്തോഷ് ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ശല്യപ്പെടുത്തുകയുമായിരുന്നു. ഓഡിറ്റോറിയത്തിനു മുൻവശത്തെ റോഡിൽ നിന്ന യുവതിയെ പിൻതുടർന്ന് എത്തി ഇയാൾ കടന്ന് പിടിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പരാതിക്കാരിയുടെ ഭർത്താവിനെ പ്രതി അസഭ്യം വിളിച്ചതായും പരാതിയിൽ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കുണ്ടറ പൊലീസ് പ്രതിയെ പിടികൂടിയപ്പോഴാണ് ഇയാൾ പൊലീസിന് നേരെ അസഭ്യ വർഷം നടത്തുകയും, ആക്രമിക്കുകയും ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുണ്ടറ സ്റ്റേഷനിലെ സിപിഒ റിയാസിന് പരിക്കേറ്റു. മുഖത്തും കയ്യിലും പരിക്കേറ്റ റിയാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊതുസ്ഥലത്ത് വച്ച് സ്ത്രീയോട് അതിക്രമം കാട്ടിയതിനും പൊലീസുകാരെ ആക്രമിച്ചതിനും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
Kollam,Kollam,Kerala
September 15, 2025 7:42 AM IST
