പ്രഭാത പ്രാർഥനയ്ക്ക് ശേഷം കാൽ തൊട്ട് വണങ്ങാത്ത 31 വിദ്യാർഥികളെ വടി കൊണ്ട് അടിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ|teacher suspended for beating 31 students with stick for not touching her feet after morning prayer | Crime
Last Updated:
മുള വടികൊണ്ടുള്ള മർദനത്തിൽ ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞതായി പോലീസ് അറിയിച്ചു
മയൂർഭഞ്ച്: പ്രഭാത പ്രാർഥനയ്ക്ക് ശേഷം കാൽ തൊട്ട് വണങ്ങാത്ത 31 വിദ്യാർഥികളെ വടി കൊണ്ട് അടിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം. ഖണ്ഡദേവുള സർക്കാർ അപ്പർ പ്രൈമറി സ്കൂളിലെ അസിസ്റ്റൻ്റ് ടീച്ചറായ സുകാന്തി കർ ആണ് സസ്പെൻഷനിലായത്.
രാവിലത്തെ പ്രാർത്ഥനയ്ക്ക് ശേഷം കാൽതൊട്ട് വണങ്ങാത്തതിനാണ് 6, 7, 8 ക്ലാസുകളിലെ 31 വിദ്യാർത്ഥികളെ ഇവർ വടികൊണ്ട് ക്രൂരമായി മർദിച്ചത്. എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ അധ്യാപകരുടെ കാൽ തൊട്ട് വന്ദിക്കാറുണ്ട്. എന്നാൽ, സംഭവം നടന്ന ദിവസം പ്രാർത്ഥന കഴിഞ്ഞ ശേഷമാണ് ടീച്ചർ സ്കൂളിലെത്തിയത്. തുടർന്ന് കാൽ തൊട്ട് വണങ്ങാത്തതിൽ ദേഷ്യം വന്ന ടീച്ചർ കുട്ടികളെ ക്രൂരമായി തല്ലുകയായിരുന്നു.
പല കുട്ടികളുടെയും കൈകളിലും പുറത്തും അടിയുടെ പാടുകളുണ്ട്. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിയുകയും ഒരു കുട്ടിക്ക് ബോധം നഷ്ടമാവുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തുടർന്ന് ശനിയാഴ്ച തന്നെ സുകാന്തി കറിനെ സസ്പെൻഡ് ചെയ്തതായി ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ ബിപ്ലബ് കർ അറിയിച്ചു. സംഭവം അതീവ ഗൗരവമായി കാണുന്നതായും ഓഫീസർ പറഞ്ഞു. 2004 മുതൽ ഒഡീഷ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക ശിക്ഷണം നിരോധിച്ചിട്ടുണ്ട്.
Odisha (Orissa)
September 16, 2025 9:39 AM IST
പ്രഭാത പ്രാർഥനയ്ക്ക് ശേഷം കാൽ തൊട്ട് വണങ്ങാത്ത 31 വിദ്യാർഥികളെ വടി കൊണ്ട് അടിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ
