ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി; കുറ്റസമ്മതം നടത്തി ചേർത്തലയിലെ സെബാസ്റ്റ്യൻ | Sebastian confess he killed Bindu Pathmanabhan | Crime
Last Updated:
ബിന്ദു പത്മനാഭന്റെ അസ്ഥിക്കഷണങ്ങള്‍ സെബാസ്റ്റ്യൻ വേളാങ്കണ്ണിയില്‍ ഉപേക്ഷിച്ചതായാണ് സൂചന
ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യൻ. ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കാനാണ് പൊലീസ് നീക്കം. കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും. ബിന്ദും സെബാസ്റ്റ്യനും ഇവിടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കേരളത്തിന് പുറത്തു വച്ചാണോ ബിന്ദു കൊല്ലപ്പെട്ടത് എന്നും സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിന്റെ തെളിവിന് വേണ്ടി സെബാസ്റ്റ്യനെ വേളാങ്കണ്ണിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അസ്ഥികഷ്ണങ്ങള്‍ വേളാങ്കണ്ണിയില്‍ ഉപേക്ഷിച്ചതായാണ് സൂചനയുണ്ട്.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബര്‍ 17നാണ് തന്റെ സഹോദരി ബിന്ദുവിനെ കാണാനില്ലെന്ന പരാതി സഹോദരന്‍ പ്രവീണ്‍ ആഭ്യന്തരവകുപ്പിന് കൈമാറുന്നത്. എന്നാല്‍ മാസങ്ങളോളം പൊലീസ് നടപടിയെടുത്തില്ല. പിന്നീട് പട്ടണക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ഇതിനിടെ ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. കോടികളുടെ കുടുംബസ്വത്ത് വിറ്റ് കിട്ടിയ പണം കൊണ്ട് വാങ്ങിയ ഇടപ്പള്ളയിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി സെബാസ്റ്റ്യന്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയുണ്ടാക്കി മറിച്ചുവിറ്റു. കാണാതായ ബിന്ദുവുമായി സെബാസ്റ്റ്യന്‍ നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ടുതന്നെ ബിന്ദുവിന്റെ വിവരം സെബാസ്റ്റ്യന് അറിയാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
Alappuzha,Kerala
September 25, 2025 8:51 AM IST
