മലപ്പുറത്ത് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു teachers gold and cash worth Rs 50 lakhs were stolen after an alumni meet in Malappuram | Crime
Last Updated:
സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയുടെ വിശ്വാസം പിടിച്ചുപറ്റി തട്ടിപ്പിനിരയാക്കുകയായിരുന്നു
മലപ്പുറം പരപ്പനങ്ങാടിയിൽ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ശിഷ്യനായ യുവാവ് അറസ്റ്റില്‍. ഇയാളുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേര്‍ക്കന്‍ ഫിറോസ് (51), ഭാര്യ റംലത്ത് (മാളു 43) എന്നിവരാണ് പ്രതികള്‍. താനൂര്‍ സബ് ജില്ലയിലെ തലക്കടത്തൂര്‍ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കിയാണ് ഫിറോസ് മുങ്ങിയത്. 1988 മുതൽ 90 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്.വർഷങ്ങൾക്ക് ശേഷം ഇയാൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അധ്യാപികയുായുള്ള ബന്ധം പുതുക്കുകയും പിന്നീട് സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയുടെ വിശ്വാസം പിടിച്ചു പറ്റുകയുമായിരുന്നു.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി, 4000 രൂപ ലാഭം നൽകി. പിന്നാലെ മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ മാസം തോറും നൽകി.ഇങ്ങനെ വിശ്വാസം നേടിക്കൊണ്ടിരുന്ന പ്രതി, തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങുകയായിരുന്നു.മാസങ്ങളായി ലാഭ വിഹിതം ലഭിക്കാതാവുകയും ഫിറോസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് അവുകയും ചെയ്തതോടെ തട്ടിപ്പ് മനസ്സിലാക്കിയ അധ്യാപിക പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. പ്രതി കർണാടകയിൽ ആഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.അധ്യാപികയിൽ നിന്ന് പണം വാങ്ങാൻ ഫിറോസിന് ഒപ്പം പോയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. എം.ഫിറോസിനെ പരപ്പനങ്ങാടി കോടതി ജാമ്യത്തിൽ വിട്ടു.
Malappuram,Kerala
September 28, 2025 6:21 PM IST
മലപ്പുറത്ത് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു
