Leading News Portal in Kerala

കട്ടപ്പനയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ | Brother-in-law arrested in connection with the murder of a youth found dead inside a house in Kattappana | Crime


Last Updated:

കൊലപാതകം നടന്ന ദിവസം പ്രതിയെ ആറ് ലിറ്റർ മദ്യവുമായി നെടുങ്കണ്ടം എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു

News18News18
News18

കട്ടപ്പന: ഉടുമ്പൻചോലയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽകണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.

ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സോൾ രാജിന്റെ സഹോദരി ഭർത്താവാണ് അറസ്റ്റിലായത്.

കാരിത്തോട് മുണ്ടകത്തറപ്പേൽ സ്വദേശി പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി.നാഗരാജ് (33) ആണ് അറസ്റ്റിലായത്. തുടർച്ചയായി മാതാപിതാക്കളെയും സഹോദരിയെയും തന്നെയും സോൾരാജ് മർദിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് നാഗരാജ് പോലീസിന് മൊഴി നൽകി.

കൊലപാതകം നടന്ന ദിവസം നാഗരാജിനെ ആറ് ലിറ്റർ മദ്യവുമായി നെടുങ്കണ്ടം എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയപ്പോഴാണ് സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരം നാഗരാജ് അറിയുന്നത്. കേസിൻ്റെയും മർദനത്തിൻ്റെയും ദേഷ്യത്തിലാണ് കൊലപാതകം ചെയ്തതെന്നാണ് മൊഴി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്തം വാർന്ന് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറുത്ത നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. സംഭവ ദിവസം സോൾരാജ് രാത്രി മദ്യപിച്ച് മുറിയിൽ ഉറങ്ങുന്നതിനിടെ മുറിയിൽ രഹസ്യമായി കടന്നുചെന്ന നാഗരാജ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കോഴിയെ വെട്ടുന്ന കത്തി സമീപത്തെ തോട്ടിൽ വലിച്ചെറിഞ്ഞ് പ്രതി കടന്നുകളഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം വീട്ടിലെത്തിയ നാഗരാജിൻ്റെ ഭാര്യ കവിതയാണ് സോൾരാജ് മരിച്ചുകിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസിൻ്റെ നിർദേശപ്രകാരം കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കട്ടപ്പനയിൽ യുവാവ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ