Leading News Portal in Kerala

വൈ-ഫൈ കട്ട് ചെയ്തതിനെ ച്ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ അടിച്ചുകൊന്ന മകന് വധശിക്ഷ നല്‍കണമെന്ന് പിതാവ് | Father demands capital punishment to son who killed mother over wifi dispute | Crime


Last Updated:

‘എന്റെ മകനെ തൂക്കികൊല്ലണം. അവന്‍ സ്വയം നശിക്കുക മാത്രമല്ല, ഞങ്ങളെയും ഇല്ലാതാക്കി’ എന്ന് പിതാവ്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ജയ്പൂരിലെ കര്‍ധാനിയില്‍ വീട്ടിനുള്ളില്‍ അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റു ചെയ്തു. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നവീന്‍ സിംഗിനെ പോലീസ് അറസ്റ്റുചെയ്തത്. സന്തോഷ് ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അരുണ്‍ വിഹാറിലെ വീട്ടില്‍ അടുക്കളയില്‍ വച്ച് നവീന്‍ സിംഗ് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മ വൈ-ഫൈ കട്ട് ചെയ്യുകയും എല്‍പിജി സിലിണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് നവീനിനെ ശകാരിക്കുകയും ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നവീന്‍ അമ്മയെ ആക്രമിക്കുകയായിരുന്നു.

നവീനിന്റെ അച്ഛന്‍ ലക്ഷ്മണ്‍ സിംഗ് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ഇദ്ദേഹവും മകളും ചേര്‍ന്ന് ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വിശദമാക്കി. നവീന്‍ സിംഗ് മദ്യത്തിന് അടിമയായിരുന്നുവെന്നും അമ്മയുമായി പലപ്പോഴും വഴക്കിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി.

അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മകന് വധശിക്ഷ നല്‍കണമെന്നാണ് പിതാവിന്റെ ആവശ്യം.

“എന്റെ മകനെ തൂക്കികൊല്ലണം. അവന്‍ സ്വയം നശിക്കുക മാത്രമല്ല, ഞങ്ങളെയും ഇല്ലാതാക്കി. അവനെ പ്രസവിച്ച അമ്മയുടെ ജീവന്‍ അവന്‍ എടുത്തു. ഞങ്ങള്‍ ഇടപ്പെടാന്‍ ശ്രമിച്ചെങ്കിലും ആ രാക്ഷസനെ നിയന്ത്രിക്കാനായില്ല. അവന്‍ എന്റെ ഭാര്യയുടെ തലയില്‍ വടികൊണ്ട് അടിച്ചു. രക്തംവാര്‍ന്ന് ചികിത്സയ്ക്കിടെ അവള്‍ മരണപ്പെട്ടു”, അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഒരു കുടുംബാംഗം പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. നവീന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് അവര്‍ ബോധംകെട്ട് വീണതിനുശേഷവും അയാള്‍ അവരെ മര്‍ദ്ദിക്കുന്നുണ്ട്. എന്നിട്ടും അയാള്‍ തന്റെ ക്രൂരത അവസാനിപ്പിച്ചില്ല. വീണുകിടക്കുന്ന അമ്മയെ കഴുത്തുഞെരിച്ച് കൊല്ലുകയും വടികൊണ്ട് തലയില്‍ അടിക്കുകയും ചെയ്തു. കുടുംബം തടയാന്‍ തീവ്രമായി ശ്രമിച്ചിട്ടും നവീന്‍ ആക്രമണം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പരിഭ്രാന്തരായ നാട്ടുക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. അബോധാവസ്ഥയില്‍ രക്തംവാര്‍ന്ന നിലയില്‍ കിടക്കുകയായിരുന്ന സന്തോഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം തലയ്‌ക്കേറ്റ പരിക്കാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

2020-ല്‍ വിവാഹിതനായ നവീന്‍ കുടുംബവഴക്കിനനെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ചതായും പോലീസ് പറഞ്ഞു.

മകന് വധശിക്ഷ നല്‍കണമെന്ന  പിതാവിന്റെ ആവശ്യം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. ഇതിനെ നിരവധി പേര്‍ അനുകൂലിച്ചു. അവന്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്ന് ഒരാള്‍ കുറിച്ചു. ആളുകളില്‍ ആത്മനിയന്ത്രണത്തിന്റെ അഭാവമുണ്ടെന്ന് മറ്റൊരാൾ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വൈ-ഫൈ കട്ട് ചെയ്തതിനെ ച്ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ അടിച്ചുകൊന്ന മകന് വധശിക്ഷ നല്‍കണമെന്ന് പിതാവ്