Leading News Portal in Kerala

മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ|drug bust in Malappuram 4 arrested with 153 grams of MDMA and half a lakh rupees | Crime


Last Updated:

വിൽപ്പനയ്ക്കായി പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു

News18News18
News18

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ അരൂരിൽ നടന്ന രാസ ലഹരി വേട്ടയിൽ കാപ്പാ പ്രതി ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരൂർ സ്വദേശി ഷഫീഖ്, വാഴക്കാട് സ്വദേശി നൗഷാദ്, കൊട്ടപ്പുറം സ്വദേശി കുട്ടാപ്പി എന്ന ഷാക്കിർ, ഇല്ലത്തുപടി സ്വദേശി റഷാദ് മുഹമ്മദ് എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്ന് 153 ഗ്രാം എംഡിഎംഎ (MDMA), അരലക്ഷം രൂപ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവ പിടിച്ചെടുത്തു. വിൽപ്പനയ്ക്കായി പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷഫീഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ബാംഗ്ലൂരിൽ നിന്നും 600 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച കേസിൽ ഇയാളും ഭാര്യയും പിടിയിലായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി ഒരു മാസം തികയും മുമ്പാണ് ഷഫീഖ് വീണ്ടും പിടിയിലാകുന്നത്. ഷഫീഖിനെതിരെ വയനാട്ടിൽ മൂന്നരക്കോടി തട്ടിയ കേസും, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ലഹരി കേസും, കൊണ്ടോട്ടിയിൽ മോഷണക്കേസും നിലവിലുണ്ട്. ഇയാൾ ഒരു വർഷം കാപ്പ പ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിന് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരി വിൽപ്പനയിൽ വീണ്ടും സജീവമാവുകയായിരുന്നു. മറ്റൊരു പ്രതിയായ നൗഷാദും വയനാട്ടിൽ എംഡിഎംഎ പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയയാളാണ്. ഇയാൾക്കെതിരെ മറ്റ് രണ്ടോളം കേസുകൾ നിലവിലുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഓപ്പറേഷൻ. കൊണ്ടോട്ടി എ.എസ്.പി. കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പെക്ടർ ഷമീർ, ഡാൻസഫ് സബ് ഇൻസ്പെക്ടർ വാസു എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസഫ് (DANSAF) ടീമും പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.