Leading News Portal in Kerala

കെമിസ്ട്രിയിൽ എംഫിൽ; സാമ്പത്തിക ബുദ്ധിമുട്ട് കാരണം ബാങ്ക് കവര്‍ച്ചയ്ക്ക് പോലീസ് പിടിയില്‍ | An MPhil in Chemistry robs financial bank gets caught | Crime


Last Updated:

ചെലവിനാവശ്യമായ പണം കുടുംബത്തിന് അയക്കാന്‍ കഴിയാതെ വന്നതോടെയാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് യുവാവ്

News18News18
News18

സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടാന്‍ ഡല്‍ഹിയിലും ബീഹാറിലുമായി ബാങ്ക് കവര്‍ച്ചകള്‍ നടത്തിയ പ്രതി പോലീസ് പിടിയില്‍. നിരവധി ബാങ്ക് കവര്‍ച്ചകളില്‍ പ്രതിയായ ദീപ് ശുഭം ആണ് പോലീസ് പിടിയിലായത്. 2017-ലും 2021-ലും ഡല്‍ഹിയിലും ബീഹാറിലും നിരവധി ബാങ്കുകള്‍ കൊള്ളയടിച്ച ഇയാളെ കണ്ടെത്താന്‍ സാങ്കേതിക നിരീക്ഷണം നടത്തിവരികയായിരുന്നുവെന്നും ഒടുവില്‍ അറസ്റ്റ് ചെയ്തതായും ഡല്‍ഹി പോലീസ് അറിയിച്ചു.

പോലീസ് പറയുന്നതനുസരിച്ച് ദീപ് ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ബീഹാറിലെ സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ളയാളാണ് ദീപ്. ഡല്‍ഹിയിലെ പ്രശസ്തമായ കിരോരി മാള്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഇയാള്‍ പിന്നീട് എംഫില്‍ അഡ്വാന്‍സ്ഡ് ബിരുദവും നേടിയിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ നിയമം പഠിക്കാന്‍ തീരുമാനിക്കുകയും കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ ദീപ് എല്‍എല്‍ബിക്ക് പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തുടങ്ങി. ഇതോടെ അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. തനിക്ക് ചെലവിനാവശ്യമായ പണം കുടുംബത്തിന് അയക്കാന്‍ കഴിയാതെ വന്നതോടെയാണ് താന്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്ന് ദീപ് ശുഭം പോലീസിനോട് പറഞ്ഞു. നല്ല വിദ്യാഭ്യസമുണ്ടായിട്ടും എളുപ്പത്തില്‍ ഒരു ജോലി കണ്ടെത്താന്‍ കഴിയുമെന്ന കാര്യം അയാള്‍ പരിഗണിച്ചില്ല.

2017-ലാണ് ദീപ് ആദ്യമായി കുറ്റകൃത്യം നടത്തിയത്. പടക്കം, മീഥൈല്‍ അസറ്റേറ്റ്, ബെന്‍സീന്‍ എന്നിവ ഉപയോഗിച്ച് ഒരു പുക ബോംബ് കുറ്റകൃത്യത്തിനായി ഇയാള്‍ ഉണ്ടാക്കി. തുടര്‍ന്ന് സീതാമര്‍ഹിയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ കവര്‍ച്ച നടത്തുകയും 3.6 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ദീപ് ശിക്ഷിക്കപ്പെടുകയും ചെയ്തു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദീപിന് ജീവിതത്തില്‍ നല്ല വഴിയിലേക്ക് തിരിയാന്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹം വീണ്ടും കുറ്റകൃത്യങ്ങളുടെ പാത തിരഞ്ഞെടുക്കുകയായിരുന്നു. റിതേഷ് താക്കൂര്‍ എന്ന കുറ്റവാളിയുമായി ചേര്‍ന്ന് വീണ്ടും കവര്‍ച്ചകള്‍ നടത്തി. 2021 സെപ്റ്റംബറിലും ഒക്ടോബറിലും ഡല്‍ഹിയിലെ രണ്ട് ബാങ്കുകളില്‍ ഇവര്‍ സായുധ കവര്‍ച്ചകള്‍ നടത്തി. ഗുജ്രന്‍വാലയില്‍ നടന്ന കവര്‍ച്ചകളില്‍ ഏതാണ്ട് ഏഴ് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണുകളും ഇവര്‍ തട്ടിയെടുത്തു.

ഇതോടെ ദീപിനെ കുറ്റവാളിയായി പരസ്യമായി പ്രഖ്യാപിച്ചു. പോലീസ് ഇയാള്‍ക്കായി അന്വേഷണം തുടങ്ങി. ഒടുവില്‍ കഴിഞ്ഞയാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ഇയാള്‍ കുറ്റകൃത്യത്തിന്റെ പാത തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച്  ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹര്‍ഷ് ഇന്തോറ പറഞ്ഞു.

2008-ൽ ഇറങ്ങിയ ജനപ്രിയ പരമ്പരയായ ബ്രേക്കിംഗ് ബാഡിന് സമാനമാണ് ദീപിന്റെ കഥയും. ബ്രേക്കിംഗ് ബാഡില്‍ കെമിസ്ട്രി പ്രൊഫസറായ കഥാനായകന്‍ ക്യാന്‍സര്‍ ബാധിതനാകുകയും പിന്നീട് രോഗവിവരം അറിഞ്ഞതിനുശേഷം കുറ്റകൃത്യത്തിലേക്ക് തിരിയുന്നതുമാണ് കഥ. ഇയാള്‍ പിന്നീട് മയക്കുമരുന്ന് നിര്‍മ്മാണത്തിലേക്കാണ് പോകുന്നത്. പലപ്പോഴും സിനിമ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു. ചിലപ്പോള്‍ വിപരീതമായി സിനിമയില്‍ നിന്നും ആളുകള്‍ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നു.