കർണാടകയിൽ കൊലപാതകശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 9 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി A 9-year-old girl was raped and murdered by a man on bail for attempted murder in Karnataka | Crime
Last Updated:
രാത്രി മുത്തശ്ശിയോടൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി കൊലപ്പടുത്തുകയായിരുന്നു
കർണാടകയിൽ കൊലപാതകശ്രമത്തിന് ജാമ്യത്തിലിറങ്ങിയ പ്രതി 9 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.കലബുറഗിയിൽ നിന്നുള്ള ഒരു നാടോടി ഗോത്രത്തിൽപ്പെട്ട ഒമ്പത് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കാർത്തിക് എന്നയാൾ പെൺകുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി മുമ്പ് ഒരു കൊലപാതക ശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. അടുത്തിടെയാണ് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
മൈസൂരിലെ ദസറ എക്സിബിഷൻ ഗ്രൗണ്ടിനടുത്ത് ഒരു ഡ്രെയിനേജ് ഏരിയയ്ക്ക് സമീപമുള്ള ഒരു കിടങ്ങിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദസറ ആഘോഷ വേളയിൽ പാവകളും ബലൂണുകളും വിൽക്കാൻ 20 നാടോടി കുടുംബങ്ങളോടൊപ്പം നഗരത്തിലെത്തിയിരുന്നു പെൺകുട്ടയും.രാത്രി മുത്തശ്ശിയോടൊപ്പം ഒരു താൽക്കാലിക കൂടാരത്തിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം കൊല്ലേഗലിലേക്ക് രക്ഷപെട്ട കാർത്തിക്കിനെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൈസൂരു പോലീസ് പിടികൂടിയത്. പിടികൂടുന്നതിനിടയിൽ പ്രതി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. കാർത്തിക്കിന്റെ കാലിന് വെടിയുതിർത്ത ശേഷമാണ് പൊലീസ് ഇയാളെ കീഴടക്കിയത്.പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കാർത്തിക്കിനെതിരെ കേസെടുത്തു.
അതേസമയം കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ആളാണ് പ്രതിയെന്നറിഞ്ഞതോടെ പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിരുന്നെങ്കിൽ കുട്ടിയുടെ ദാരുണമായ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കൊല്ലേഗലിൽ റോഡിലൂടെ നടന്നു പോയ ഒരു സ്ത്രീയെ ആക്രമിച്ച് തടാകത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിലാണ് കാർത്തിക്കിനെ കൊല്ലേഗലിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 2025 ഫെബ്രുവരി 22-ന് കുറ്റക്കാരനെന്ന് കണ്ടെത്തി നാല് വർഷം തടവിന് ശിക്ഷിച്ചത്.കീഴ്‌ക്കോടതി വിധിച്ച ശിക്ഷയെ ചോദ്യം ചെയ്ത് കാർത്തിക് ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
October 10, 2025 2:17 PM IST
