തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ ഭർത്താവും മരിച്ചു | Husband dies after killing his sick wife at hospital in Thiruvananthapuram | Crime
Last Updated:
ഒരു വർഷത്തോളമായി ഭാര്യ ഡയാലിസിസ് ചികിത്സയിലാണ്
തിരുവനന്തപുരം: ഡയാലിസിസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടിയ ഭർത്താവ് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാസുരേന്ദ്രൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് ഇവരുടെ മകളുടെ മൊഴി. വൃക്ക രോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. ജയന്തിയെ കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഭാസുരനെ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ അൽപ്പസമയം മുമ്പാണ് ഭാസുരന്‍റെ മരണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയന്തി എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൂടെ ഭർത്താവ് ഭാസുരേന്ദ്രനും ഉണ്ടായിരുന്നു. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ചാമത്തെ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയുടെ അകത്ത് സ്റ്റെയർകെയ്സിന് അടുത്തായാണ് ഇയാൾ വീണത്.
ഒരു വർഷത്തോളമായി ജയന്തി ഡയാലിസിസ് ചികിത്സയിലാണ്. ജയന്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിന് വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഭാസുരേന്ദ്രനിൽനിന്ന് മൊഴിയെടുക്കാൻ പൊലീസിനായിട്ടില്ല.
Thiruvananthapuram,Kerala
October 09, 2025 11:57 AM IST
