ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല | Woman Found dead in Attingal lodge | Crime
Last Updated:
അഞ്ച് ദിവസം മുമ്പാണ് യുവാവ് ലോഡ്ജിൽ ജോലിക്ക് എത്തിയത്
തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി അസ്മിനയുടെ മൃതദേഹമാണ് മൂന്നുമുക്കിലെ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്നത് ഇതേ ലോഡ്ജിലെ ജീവനക്കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോർജിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. മരിച്ച യുവതിയുടെ കയ്യിൽ ചെറിയ മുറിവുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ജോബി എന്നയാൾ യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജിൽ കൊണ്ടുവന്നത്. രാത്രി ഒന്നരയോടെ ജോബി യുവതിയുടെ മുറിയിലേക്ക് പോയതായി ലോഡ്ജിലെ ജീവനക്കാർ പോലീസിന് മൊഴി നൽകി. ബുധനാഴ്ച രാവിലെ ഏറെ നേരമായിട്ടും ഇയാൾ പുറത്തുവരാതിരുന്നതിനെ തുടർന്ന് ജീവനക്കാർ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.
പോലീസ് എത്തി വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് അസ്മിന എന്ന യുവതിയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ ജോബി ലോഡ്ജിൽ നിന്ന് പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അഞ്ചു ദിവസം മുൻപാണ് ജോബി ലോഡ്ജിൽ ജോലിക്ക് എത്തിയത്. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ജോബിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 22, 2025 5:33 PM IST
