Leading News Portal in Kerala

ഗർഭം ധരിപ്പിക്കാൻ പുരുഷനെ ആവശ്യമുണ്ട്; പ്രതിഫലം 25 ലക്ഷം രൂപ : സോഷ്യൽ മീഡിയയിലൂടെ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ Man lost rs 11 lakh in an online scam asking to impregnate woman with reward Rs 25 lakh | Crime


Last Updated:

‘പ്രഗ്നന്റ് ജോബ്’ എന്ന് പേരുള്ള ഒരു സ്ഥാപനത്തിന്റെ വീഡിയോ പരസ്യമാണ് യുവാവിന് പണം നഷ്ടമാകാന്‍ കാരണമായത്

News18
News18

ഉള്ളടക്കങ്ങളുടെ ഒരു മായാലോകമാണ് പലപ്പോഴും സോഷ്യല്‍ മീഡിയ. അതില്‍ വരുന്ന ഉള്ളടക്കങ്ങളില്‍ ചിലത് യാഥാര്‍ത്ഥ്യവും ചിലത് വ്യാജവുമായിരിക്കും. എന്നാല്‍ മറ്റ് ചിലത് ഡിജിറ്റല്‍ തട്ടിപ്പിന്റെ ഭാഗമായുള്ളതും ആയേക്കും. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെ വിചിത്രമായ ഒരു പരസ്യത്തെ വിശ്വസിച്ച് കെണിയില്‍പ്പെട്ടിരിക്കുകയാണ് പൂനെയില്‍ നിന്നുള്ള 44-കാരനായ ഒരു കരാറുകാരന്‍. 11 ലക്ഷം രൂപയാണ് അദ്ദേഹത്തിന് തട്ടിപ്പില്‍ നഷ്ടമായത്.

ഇത്രയും വലിയ തുക നഷ്ടപ്പെടാനിടയാക്കിയ ആ വ്യാജ പരസ്യം എന്താണെന്നല്ലേ…? അതാണ് വിചിത്രം. ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കാന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആ പരസ്യം. ‘പ്രഗ്നന്റ് ജോബ്’ എന്ന് പേരുള്ള ഒരു സ്ഥാപനത്തിന്റെ വീഡിയോ പരസ്യമാണ് കരാറുകാരന് പണം നഷ്ടമാകാന്‍ കാരണമായത്. സംഭവത്തില്‍ ബാനര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് സംഭവം നടന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പരസ്യത്തില്‍ ഒരു സ്ത്രീ സംസാരിക്കുന്നതാണ് ദൃശ്യങ്ങള്‍. തന്നെ അമ്മയാക്കാന്‍ ഒരു പുരുഷനെ ആവശ്യമുണ്ടെന്ന് സ്ത്രീ ഹിന്ദിയില്‍ പറയുന്നു. മാതൃത്വത്തിന്റെ സന്തോഷം നല്‍കുന്നയാള്‍ക്ക് 25 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും വീഡിയോയില്‍ പറയുന്നു. മാത്രമല്ല, ഇതിന് തയ്യാറുള്ള പുരുഷന്മാരുടെ വിദ്യാഭ്യാസമോ ജാതിയോ നിറമോ ഒന്നും പ്രശ്‌നമല്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഒരു ഫോണ്‍ നമ്പറും ഇതില്‍ കൊടുത്തിട്ടുണ്ട്. പരസ്യം ശ്രദ്ധിച്ച കരാറുകാരന്‍ ആ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. കമ്പനിയുടെ സഹായിയാണെന്ന് അവകാശപ്പെട്ട് ഒരു പുരുഷനാണ് കോളില്‍ സംസാരിച്ചത്. പദ്ധതിയില്‍ മുന്നോട്ടുപോകാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണമെന്നും ശേഷം ഒരു ഐഡി കാര്‍ഡ് ലഭിക്കുമെന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്നുള്ള ആഴ്ചകളില്‍ രജിസ്‌ട്രേഷന്‍ ഫീസ്, കാര്‍ഡ് ചാര്‍ജുകള്‍, വെരിഫിക്കേഷന്‍ ഫീസ്, ജിഎസ്ടി, ടിഡിഎസ്, പ്രോസസ്സിംഗ് ഫീസ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി പണമടയ്ക്കാന്‍ തട്ടിപ്പ് സംഘം കരാറുകാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരനെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചും വശീകരിച്ചും സെപ്റ്റംബര്‍ ആദ്യവാരത്തിനും ഒക്ടോബര്‍ 23-നും ഇടയില്‍ അദ്ദേഹത്തില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 100-ല്‍ അധികം ചെറിയ ഇടപാടുകളായാണ് ഈ തുക കൈമാറിയത്. യുപിഐ, ഐഎംപിഎസ് വഴിയാണ് ഇടപാട് നടന്നത്.

പദ്ധതിയുടെ നിയമസാധുതയെ കുറിച്ച് കരാറുകാരന്‍ ചോദ്യം ചോദിച്ച് തുടങ്ങിയതോടെ തട്ടിപ്പുകാര്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തു. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പുകാര്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് അവര്‍ അന്വേഷണം തുടങ്ങി.

2022 അവസാനം മുതല്‍ രാജ്യത്തുടനീളം സമാനമായ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൂനെയിലെ സൈബര്‍ ക്രൈം അന്വേഷകര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ പുരുഷന്മാര്‍ക്ക് വലിയ തുകകള്‍ വാഗ്ദാനം ചെയ്ത് ‘പ്രെഗ്‌നന്റ് ജോബ് സര്‍വീസ്’ പോലുള്ള പേരുകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് രജിസ്‌ട്രേഷന്‍, മെഡിക്കല്‍ പരിശോധനകള്‍, നിയമപരമായ നടപടിക്രമങ്ങള്‍ അല്ലെങ്കില്‍ സുരക്ഷാ നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി മുന്‍കൂര്‍ ഫീസ് അടയ്ക്കാന്‍ ഇരകളോട് ആവശ്യപ്പെടുന്നു. പണമടയ്ക്കല്‍ നടത്തിക്കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ അപ്രത്യക്ഷരാകും.

ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പോലീസ് ഈ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി കുറ്റവാളികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയെയും വ്യാജ വീഡിയോ ഉള്ളടക്കത്തെയും ചൂഷണം ചെയ്യുന്ന വിശാലമായ സൈബര്‍ ക്രൈം നെറ്റ്‌വര്‍ക്കുകളുടെ ഭാഗമാണ് ഇത്തരം തട്ടിപ്പുകളും.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഗർഭം ധരിപ്പിക്കാൻ പുരുഷനെ ആവശ്യമുണ്ട്; പ്രതിഫലം 25 ലക്ഷം രൂപ : സോഷ്യൽ മീഡിയയിലൂടെ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ