Leading News Portal in Kerala

എറണാകുളം പുത്തൻവേലിക്കര മോളി കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി; പരിമള്‍ സാഹു കുറ്റവിമുക്തൻ| Accused Parimal Sahu Acquitted in Puthenvelikara Molly Murder Case Death Sentence Set Aside | Crime


Last Updated:

തെളിവുകളുടെ അഭാവത്തിലാണ് പുത്തൻവേലിക്കര മോളി കൊലക്കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്. അസം സ്വദേശിയായ പരിമൾ സാഹുവിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്

കൊല്ലപ്പെട്ട മോളി, പരിമള്‍ സാഹു
കൊല്ലപ്പെട്ട മോളി, പരിമള്‍ സാഹു

കൊച്ചി: പുത്തന്‍വേലിക്കര മോളി കൊലക്കേസിൽ പ്രതിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രതി അസം സ്വദേശി പരിമള്‍ സാഹുവിന്റെ വധശിക്ഷയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന കണ്ടെത്തലോടെയായിരുന്നു വിചാരണക്കോടതി നേരത്തെ പ്രതിയ്ക്ക് വധശിക്ഷ നൽകിയത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതിയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി കണ്ടെത്തി. അതിക്രൂരമായ കൊലക്കേസിലെ പ്രതിയെ വെറുതെ വിട്ടതിന്റെ ഞെട്ടലിലാണ് പുത്തൻവേലിക്കര നിവാസികൾ.

തെളിവുകളുടെ അഭാവത്തിലാണ് പുത്തൻവേലിക്കര മോളി കൊലക്കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്. അസം സ്വദേശിയായ പരിമൾ സാഹുവിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. പ്രതി കൃത്യം നടത്തിയത് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്നും കോടതി കണ്ടെത്തി. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകൾ പ്രതി കുറ്റക്കാരനെന്ന് തെളിയിക്കാൻ ഉതകുന്നതല്ലെന്നും ഉത്തരവിലുണ്ട്. ജയിലിൽ കഴിയുന്ന പ്രതിയെ മറ്റ് കേസുകളില്ലെങ്കിൽ ഉടൻ മോചിപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

2018 മാര്‍ച്ച് 18ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്. പുത്തൻവേലിക്കര സ്വദേശിനി 60 വയസുളള മോളി പടയാട്ടിൽ പീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ടെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് മോളി തോമസിച്ചിരുന്നത്. ഒന്നര ഏക്കറോളമുള്ള പറമ്പിന്റെ നടുവിലാണ് ഇവരുടെ വീട്. വീടിന്റെ പിൻവശത്തുള്ള ഓടിട്ട കെട്ടിടത്തിലാണ് മുന്ന എന്ന പരിമൾ സാഹുവും സുഹൃത്തുക്കളും വാടകയ്ക്ക് താമസിച്ചിരുന്നത്.സമീപത്തെ ഒരു കോഴിക്കടയിലെ ഡ്രൈവറും ഇറച്ചി വെട്ടുകാരനുമായി ജോലി ചെയ്യുകയായിരുന്നു സാഹു.

നന്നായി മലയാളം സംസാരിക്കുന്ന പരിമൾ സാഹു ഈ വീട്ടുകാരുമായി നല്ല അടുപ്പത്തിലുമായിരുന്നു. കൊലപാതക ദിവസം രാത്രിയിൽ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. രാത്രി ഒന്നരയോടെ മദ്യപിച്ചെത്തിയ പരിമൾ സാഹു മോളിയുടെ വീടിന്റെ സിറ്റൗട്ടിലെ ബൾബ് ഊരി മാറ്റിയശേഷം കോളിങ്‌ബെൽ അടിച്ചു. വാതിൽ തുറന്ന മോളിയെ വീടിനുള്ളിലേക്ക് തള്ളിയിട്ട് പീഡനശ്രമം നടത്തുകയും എതിർത്തപ്പോൾ ശ്വാസം മുട്ടിച്ചുകൊന്നെന്നുമായിരുന്നു പോലീസ് കണ്ടെത്തൽ.

ബലപ്രയോഗത്തിനിടയിൽ പ്രതിയുടെ ശരീരത്തിൽ മോളി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. മരണം ഉറപ്പാക്കാൻ വേണ്ടി വീടിന് മുൻവശത്ത് അലങ്കാരത്തിനായി ഇട്ടിരുന്ന വെള്ളാരം കല്ല് എടുത്ത് തലയ്ക്കടിച്ചു. കൊലയ്ക്ക് ശേഷം മൃതദേഹം ഹാളിലൂടെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ കൊണ്ടിടുകയായിരുന്നു. മോളി കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇയാളെ പോലീസ് അറസ്റ്റുചെയ്തു.

2021മാർച്ചിലാണ് പ്രതിയ്ക്ക് വധശിക്ഷ നൽകി പറവൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. പരിമൾ സാഹുവാണ് കൃത്യം നടത്തിയത് എന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസിനുണ്ടായ വീഴ്ച രൂക്ഷ വിമർശനത്തിന് കാരണമായിട്ടുണ്ട്.