രണ്ടുമാസം പ്രായമുള്ള കുഞ്ഞ് വീണതല്ല, കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്; അമ്മ അറസ്റ്റിൽ| Police Investigation Reveals Infants Death in Kannur Well Was Homicide Mother Detained | Crime
Last Updated:
ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പോലീസ് രണ്ട് ദിവസമായി മുബഷീറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നു
കണ്ണൂർ: കുറുമാത്തൂർ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മ മുബഷീറയെ അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പർ 2ൽ ഹിലാൽ മൻസിൽ ടി കെ ജാബിറിന്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷീറയുടെയും മകൻ ആമിഷ് അലൻ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേർന്നുള്ള കിണറ്റിൽ വീണു മരിച്ചത്.
കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണുവെന്നാണ് മുബഷീറ പറഞ്ഞത്. ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി വീണെന്ന് പറഞ്ഞതിൽ സംശയം തോന്നിയ പോലീസ് രണ്ട് ദിവസമായി മുബഷീറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് മുബഷീറയെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞിരുന്നു. കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേർന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടർന്നു പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്ന ചോദ്യം ചെയ്യൽ. കുട്ടിയെ അമ്മ കിണറ്റിലിട്ടതാണെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Kannur,Kannur,Kerala
November 05, 2025 11:30 AM IST
