ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രപരിസരത്ത് റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്|case against jasna salim for violating HC order on reels at guruvayur temple premise | Crime
Last Updated:
ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ഏപ്രിലിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു
ഗുരുവായൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം. സംഭവത്തിൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം എന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു. മുൻപും ജസ്ന ക്ഷേത്രനടപ്പുരയിൽ റീൽസ് ചിത്രീകരണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപ്പുരയിൽ റീൽസ് ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മതപരമായ ചടങ്ങുകളോ വിവാഹങ്ങൾക്കോ ഒഴികെ നടപ്പുരയിൽ വീഡിയോ ചിത്രീകരിക്കരുതെന്ന ഹൈക്കോടതിയുടെ നിർദേശം നിലനിൽക്കെയാണ് യുവതി വീണ്ടും ചിത്രീകരണം നടത്തിയത്.
ഓഗസ്റ്റ് 28-നാണ് റീൽസ് ചിത്രീകരിച്ചതെങ്കിലും, സമൂഹമാധ്യമത്തിലെ ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നവംബർ അഞ്ചിനാണ് ക്ഷേത്രം അധികൃതർ പരാതി നൽകിയത്. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് ജസ്ന. മുൻപ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ഏപ്രിലിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, ജസ്ന മുൻപ് ക്ഷേത്രനടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി കോടതി നിർദേശം നൽകി. ഈ വിലക്ക് നിലനിൽക്കെയാണ് യുവതി വീണ്ടും ചിത്രീകരണം നടത്തിയത്.
Guruvayoor (Guruvayur),Thrissur,Kerala
November 08, 2025 11:50 AM IST
