ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് മർദനം; കോട്ടയത്ത് ഭർത്താവിനെതിരെ യുവതിയുടെ പരാതി | Complaint against Husband for beat Women in Kottayam | Crime
Last Updated:
കുട്ടികളെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു
കോട്ടയം: കുമരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. ക്രൂരമായി മർദിച്ചുവെന്ന് കാട്ടി രമ്യ മോഹനാണ് ഭർത്താവ് ജയനെതിരെ പരാതി നൽകിയിരിക്കുന്നത്.
നിലവിൽ ഒളിവിൽ പോയ ജയനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. തൻ്റെ ജീവിതത്തിൽനിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജയൻ രമ്യയെ മർദിച്ചത്. കഴിഞ്ഞ നാല് വർഷമായി ജയൻ യുവതിയെ ക്രൂരമായി മർദിക്കുകയാണെന്നും രമ്യയുടെ പരാതിയിൽ പറയുന്നു. ഇതിനിടെ ഒരു തവണ പരാതി നൽകുകയും ജയനെതിരെ കേസെടുക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഒത്തുതീർപ്പാക്കിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന മർദനം സഹിക്കവയ്യാതെയാണ് യുവതി വീണ്ടും പൊലീസിൽ പരാതി നൽകിയത്. തല ഭിത്തിയിൽ പിടിച്ച് ഇടിച്ചായിരുന്നു മർദനം. ശേഷം കുട്ടികളെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. സ്നേഹപ്രകടനം നടത്തിയതിന് ശേഷമാണ് ശനിയാഴ്ച മർദനം നടന്നതെന്നും രമ്യ പറഞ്ഞു. മർദനമേറ്റ രമ്യ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഗാർഹിക പീഡനം ചുമത്തിയാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. രമ്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടിയാണ് ഇയാൾ ക്രൂരമായി മർദിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം. തന്റെ ജീവിതത്തിൽനിന്ന് ഒഴിഞ്ഞുപോയില്ലെങ്കിൽ ജീവനൊടുക്കണമെന്ന് ഇയാൾ പറയാറുണ്ടെന്നും രമ്യ മൊഴി നൽകിയിട്ടുണ്ട്.
Kottayam,Kerala
November 12, 2025 3:10 PM IST
