Leading News Portal in Kerala

കോടീശ്വരന്മാരാകുമെന്ന് ജോത്സ്യൻ; ഓസ്‌ട്രേലിയയില്‍ 53-കാരിയും മകളും തട്ടിയെടുത്തത് 588 കോടി രൂപ 53-year-old woman and her daughter arrested for fraud under the guise of superstition and future predictions in Australia | Crime


ഓസ്‌ട്രേലിയയില്‍ അന്ധവിശ്വാസത്തിന്റെ മറവില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പ് കേസുകളിലെ പ്രധാന കണ്ണിയാണ് സിഡ്‌നിയില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത ജ്യോത്സ്യന്‍ അന്യാ ഫാന്‍. അന്ധവിശ്വാസം, വഞ്ചന, ആഡംബര ജീവിതശൈലി എന്നിവയിലൂടെ 70 മില്യണ്‍ ഡോളറിന്റെ (ഏകദേശം 588 കോടി രൂപ) ഈ സ്ത്രീയും സംഘവും ഓസ്‌ട്രേലിയക്കാരെ കബളിപ്പിച്ച് നടത്തിയത്.

ചൈനയില്‍ ഉടലെടുത്ത ഷെങ്ഷൂയി എന്ന ശാസ്ത്രത്തില്‍ വൈദഗ്ധ്യമുള്ള ആളാണ് താൻ എന്നാണ് അന്യാ ഫാന്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. മകളോടൊപ്പം ചേര്‍ന്നാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഭാവിയില്‍ സമ്പത്ത് ഉണ്ടാക്കാന്‍ സാധിക്കുമെന്നും കോടീശ്വരന്മാരാകുമെന്നുമുള്ള  വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ദുര്‍ബലരായ ഇരകളെ കബളിപ്പിച്ച് ഇവര്‍ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വര്‍ഷങ്ങളായുള്ള ഇവരുടെ തട്ടിപ്പ് വലിയ ശൃംഖലയിലേക്ക് വളരുകയായിരുന്നു. വ്യാജ ഐഡന്റിന്റികള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ്, കസിനോ വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ, സിഡ്‌നിയിലുടനീളം ഹൈഎന്‍ഡ് പ്രോപ്പര്‍ട്ടികളുടെ ഇടപാട് എന്നിവ ഉള്‍പ്പെടെ വിശാലമായ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.

ഭാവിയില്‍ ഒരു കോടീശ്വരനാകാന്‍ കഴിയുമെന്ന് പറഞ്ഞ് ഇരകളെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ രീതിയില്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇരകളെ വായ്പയെടുക്കാനായി പ്രോത്സാഹിപ്പിക്കും. വായ്പാ തുകയില്‍ നിന്ന് ഒരു വിഹിതം അവര്‍ക്കുള്ളതാണ്. ഇത്തരത്തില്‍ തന്റെ ക്ലൈന്റുകളെ ചൂഷണം ചെയ്താണ് ഫാന്‍ കോടികളുടെ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പലപ്പോഴും അപകടസാധ്യത മനസ്സിലാക്കാതെ വായ്പയെടുത്ത ഇരകളില്‍ പലരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.

25 വയസ്സുള്ള മകളും ഇതില്‍ കൂട്ടുപ്രതിയാണ്. ഇരുവരും ചേര്‍ന്നാണ് തട്ടിപ്പിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തതെന്ന് പോലീസ് പറയുന്നു. ഭാവിയെ കുറിച്ച് വലിയ അഭിലാഷങ്ങള്‍ വച്ച് പുലര്‍ത്തുന്ന സാമ്പത്തികമായി ദുര്‍ബലരായ ആളുകളെയാണ് ഇവര്‍ ചൂഷണം ചെയ്തത്. വായ്പകള്‍ എടുക്കാന്‍ ഇരകളെ പ്രേരിപ്പിക്കുമ്പോൾ ഓരോ ക്ലൈന്റിൽ നിന്നും കുറഞ്ഞത് 1,50,000 ഡോളര്‍ (12.6 ലക്ഷം രൂപ) ഈ സ്ത്രീ സ്വന്തമാക്കുകയും ചെയ്യുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ക്രൈംസ് സ്‌ക്വാഡ് മേധാവിയായ ഡിറ്റക്ടീവ് സൂപ്രണ്ട് ഗോര്‍ഡന്‍ അര്‍ബിഞ്ച പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ സിഡ്‌നിയുടെ കിഴക്കുള്ള പ്രതികളുടെ ആഡംബര ഡോവര്‍ ഹൈറ്റ്‌സ് മാന്‍ഷനില്‍ വച്ചാണ് പോലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. അവിടെ നടത്തിയ പരിശോധനയില്‍ സാമ്പത്തിക രേഖകള്‍, ആഡംബര ഹാന്‍ഡ്ബാഗുകള്‍, ഇലക്ട്രോണിക്‌സ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, 6,600 ഡോളര്‍ (5.4 ലക്ഷം രൂപ) വിലമതിക്കുന്ന കാസിനോ ചിപ്പുകള്‍, 10,000 ഡോളര്‍ (8.84 ലക്ഷം രൂപ) വിലമതിക്കുന്ന 40 ഗ്രാം സ്വര്‍ണ്ണ കട്ടികൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.

പ്രതികളുടെ 126 കോടി രൂപയുടെ ആസ്തികള്‍ അധികൃതര്‍ മരവിപ്പിച്ചു. ഷാങ്ഹയില്‍ നിന്നുള്ള 38-കാരനായ ബിംഗ് മൈക്കല്‍ ലി എന്നയാളാണ് തട്ടിപ്പ് സംഘത്തിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറയുന്നു. ഇയാളുടെ നിര്‍ദ്ദേശപ്രകാരമായിരിക്കാം ഫാന്‍ പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ജൂലായില്‍ ലിയെ അദ്ദേഹത്തിന്റെ 151 കോടി രൂപയിലധികം മൂല്യമുള്ള വീട്ടില്‍വച്ച് അറസ്റ്റു ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നാണ് കരുതുന്നത്.

സിഡ്‌നി ആസ്ഥാനമായുള്ള ഒരു കാസിനോയില്‍ വിഐപി ക്ലൈന്റ് ആണ് ഫാന്‍. രണ്ട് മാസത്തിനുള്ളില്‍ 4.36 കോടിയിലധികം രൂപയുടെ കള്ളപ്പണമാണ് ഇവര്‍ കാസിനോ വഴി വെളുപ്പിച്ചതെന്നും പോലീസ് കണ്ടെത്തി.

39 ക്രിമിനല്‍ കുറ്റങ്ങള്‍, വഞ്ചനയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതിനെതിരെയും ഈ വരുമാനം ഉപയോഗിച്ചതിനെതിരെയുമുള്ള മറ്റ് കുറ്റകൃത്യങ്ങളുമാണ് ഫാനിനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം നിഷേധിക്കപ്പെട്ട ഫാനിനെ ഡൗണിംഗ് സെന്റര്‍ ലോക്കല്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം മകള്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

ഒരു കാര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഫാനിനെ അറസ്റ്റു ചെയ്തത്. ആഡംബര ഗോസ്റ്റ് കാറുകള്‍ വാങ്ങാനായി വ്യാജ വായ്പകള്‍ നേടാന്‍ മോഷ്ടിക്കപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

അന്വേഷണം കൂടുതല്‍ പുരോഗമിക്കുമ്പോള്‍ രാജ്യത്തുടനീളമുള്ള ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ബന്ധമുള്ള വ്യാജ ഭവന, വ്യക്തിഗത, ബിസിനസ് വായ്പകള്‍ ഉള്‍പ്പെടുന്ന ഒരു വലിയ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ പോലീസ് കണ്ടെത്തി. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അര്‍ബിഞ്ച പറയുന്നു.

ഈ തട്ടിപ്പ് ശൃംഖലയില്‍ സംശയിക്കപ്പെടുന്നവരില്‍ പകുതിയോളം പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കൂടുതല്‍ ആളുകളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.