Leading News Portal in Kerala

ആലപ്പുഴയിൽ വ്യാജ ഷെയർ ട്രേഡിങ് ആപ്പ് വഴി യുവാവിൽ നിന്നും 16.6 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ|woman arrested for online share trading scam 16.6 lakh in alappuzha | Crime


Last Updated:

പരാതിക്കാരനെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതിയും സംഘവും ആദ്യം ബന്ധപ്പെട്ടത്.

News18
News18

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ യുവാവിൽ നിന്നും 16.6 ലക്ഷം തട്ടിയ സംഘത്തിലെ യുവതി അറസ്റ്റിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയാണ് തട്ടിപ്പിനിരയായത്. തിരുവനന്തപുരം തിരുമല ‌പുത്തേരിൽ വീട്ടിൽ ആര്യാദാസി (33)നെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരനെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതിയും സംഘവും ആദ്യം ബന്ധപ്പെട്ടത്. സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇതിനായി വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനാണ് ഉപയോഗിച്ചത്. ഈ ആപ്ലിക്കേഷൻ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അക്കൗണ്ട് എടുപ്പിച്ചു. തുടർന്ന്, വ്യാജ ആപ്പിലൂടെ പ്രതികൾ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് പണം നിക്ഷേപിപ്പിച്ചു. ഈ രീതിയിൽ രണ്ട് മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടമായത്. ഈ തുകയിൽ 4.5 ലക്ഷം രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്.

പരാതിക്കാരൻ അയച്ച പണത്തിന്റെ ലാഭമുൾപ്പെടെയുള്ള വിവരങ്ങൾ വ്യാജ ആപ്പിൽ കൃത്യമായി കാണിച്ചിരുന്നു. എന്നാൽ, ഈ തുക ആപ്പിൽനിന്ന് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിയാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകി. നവംബർ 10-ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

എസ്.എച്ച്.ഒ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ആതിരാ ഉണ്ണിക്കൃഷ്ണൻ, ശരത്ചന്ദ്രൻ, ജെ. രഞ്ജിത്ത്, ദീപ്തിമോൾ, ജേക്കബ് സേവ്യർ, വിദ്യ ഒ. കുട്ടൻ, കെ.യു. ആരതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന്, അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് മെഡിക്കൽ കോളേജിലെത്തി പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.