കൊച്ചുമകളുടെ വിവാഹത്തിന് എത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ച 60-കാരിയെ കൊലപ്പെടുത്തിയ 45-കാരൻ അറസ്റ്റിൽ|45-year-old kills 60 year old woman who forced marriage with her | Crime
Last Updated:
അഞ്ച് ജില്ലകളിലായി ഏകദേശം 1000-ത്തോളം സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്
ഉത്തർപ്രദേശ്: വിവാഹം കഴിക്കാൻ നിർബന്ധിച്ച 60 വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 45 വയസ്സുകാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ ജോഷിന (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇംറാനെ (45) പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിൽ നിന്ന് കൊച്ചുമകളുടെ വിവാഹത്തിനായി യു.പിയിൽ എത്തിയതായിരുന്നു കൊല്ലപ്പെട്ട സ്ത്രീ.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ, നവംബർ 14-നാണ് യു.പിയിലെ ഹാഥ്രസ് ജില്ലയിലെ ചാന്ദ്പ ഏരിയയിൽ നാഗ്ല ഭൂസ് ട്രൈസെക്ഷന് സമീപം റോഡരികിൽ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ജോഷിനാണെന്ന് തിരിച്ചറിഞ്ഞു. അഞ്ച് ജില്ലകളിലായി ഏകദേശം 1000-ത്തോളം സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്. പ്രതിയെ ഞായറാഴ്ച ഹാഥ്രസിലെ ഹാതിസ പാലത്തിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണും കണ്ടെടുത്തു.
എസ്.പി. ചിരഞ്ജീവ് നാഥ് സിൻഹ നൽകിയ വിവരങ്ങൾ പ്രകാരം, ജോഷിനയുടെ മകൾ മുമതാസിന്റെ വിവാഹം ആഗ്രാ സ്വദേശിയായ സത്താറുമായി നടത്തുന്നതിൽ ഇംറാൻ സഹായിച്ചിരുന്നു. ഇംറാന്റെ ബന്ധുക്കൾ ജോഷിനയുടെ വെസ്റ്റ് ബംഗാളിലെ വീടിനടുത്ത് താമസിച്ചിരുന്നതിനാൽ ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും സൗഹൃദം ബന്ധമായി വളരുകയുമായിരിന്നു. കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി നവംബർ 10-ന് കൊൽക്കത്തയിൽ നിന്ന് ഹാഥ്രസിലെത്തിയ ജോഷിന ഇംറാന്റെ വീട്ടിൽ പോയി വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ, ഭാര്യയും കുട്ടികളുമുള്ളതിനാൽ ഇംറാൻ ആവശ്യം നിരസിച്ചു. ചോദ്യം ചെയ്യലിൽ ജോഷിനയെ കൊൽക്കത്തയിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് പറഞ്ഞ് നവംബർ 13-ന് ഇംറാൻ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇരുവരും ആഗ്രയിലേക്കുള്ള ബസ്സിൽ കയറിയ ശേഷം ഹാഥ്രസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനിൽ ഇറങ്ങി. ഇവിടെവെച്ച് ജോഷിനയെ ഒഴിവാക്കാനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇംറാൻ പോലീസിനോട് സമ്മതിച്ചു. കൊലപാതകം മറ്റാരോ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ഇംറാൻ ജോഷിനയുടെ വസ്ത്രങ്ങൾ അലങ്കോലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
November 24, 2025 8:45 AM IST
കൊച്ചുമകളുടെ വിവാഹത്തിന് എത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ച 60-കാരിയെ കൊലപ്പെടുത്തിയ 45-കാരൻ അറസ്റ്റിൽ
