എംബിബിഎസ് പ്രവേശനത്തിന് സ്വാതന്ത്ര്യസമരസേനാനി ആശ്രിതരുടെ വ്യാജ സർട്ടിഫിക്കറ്റിന് സഹായിച്ചവർ അറസ്റ്റില്‍|member of gang securing mbbs admission with forged freedom fighter certificate held | Crime
Last Updated:
ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നൽകി ഈ സംഘം എംബിബിഎസ് പ്രവേശനം സാധ്യമാക്കിയത്
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും സ്വയംഭരണ മെഡിക്കല്‍ കോളെജുകളിലും പ്രവേശനം നേടാന്‍ സ്വാതന്ത്ര്യ സമര സേനാനി ആശ്രിതരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നൽകിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വാതന്ത്ര്യ സമര സേനാനി ആശ്രിതരുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നൽകി ഈ സംഘം എംബിബിഎസ് പ്രവേശനം സാധ്യമാക്കിയത്.
മിര്‍സാപൂര്‍ ജില്ലയിലെ ജിഗ്നയില്‍ നിന്നുള്ള ശുഭാം സിംഗ് ആണ് അറസ്റ്റിലായത്. ഭദോഹി പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഗാസിപൂരിലെ സമാനിയയില്‍ ഒരു സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു പ്രതി. പ്രവേശനം നേടാൻ സഹായിക്കുന്നതിന് ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്‍ നിന്നും മുന്‍കൂട്ടി ഉറപ്പിച്ച പണം കൈപ്പറ്റുന്നതിനിടയിലാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ശുഭാമില്‍ നിന്ന് 4.8 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇത് എംബിബിഎസ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന ദിവ്യാന്‍ഷു വര്‍മ്മയുടെ പിതാവിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസ് സൂപ്രണ്ട് അഭിമന്യു മന്‍ഗ്ലിക് അറിയിച്ചു. സ്വാതന്ത്ര്യ സമര സേനാനി ആശ്രിത സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ച് ദിവ്യാന്‍ഷുവിന്റെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കാന്‍ 15 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു.
സ്വാതന്ത്ര്യ സമര സേനാനി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 2012-13 അധ്യയനവര്‍ഷം എംബിബിഎസ് പ്രവേശനം നേടിയ ഭദോഹിയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഒന്‍പത് വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ജഡയറക്ടര്‍ ജനറല്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഓഗസ്റ്റില്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് എസ്പി മന്‍ഗ്ലിക് പറഞ്ഞു.
രേഖകളില്‍ ക്രമക്കേട് ഉണ്ടെന്ന് ഡിജിഎംഇ സംശയിച്ചതായും പോലീസ് പറയുന്നു. ശംഭവി ആര്യ, ദിവ്യാന്‍ഷു വര്‍മ്മ, സേജല്‍ സിംഗ്, ശിവാന്‍ഷ് യാദവ്, അന്‍വി ഭൂഷണ്‍, അമിത് ശ്രീവാസ്തവ, ആയതുസ്സഹ്ര, ഇഷ യാദവ്, ദീപിക ആര്യ എന്നിവരാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നേടിയതായി കണ്ടെത്തിയത്.
ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് നടത്തിയ പരിശോധനയില്‍ ഒന്‍പത് പേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഔദ്യോഗികമായി നല്‍കിയതല്ലെന്നും വ്യാജമാണെന്നും കണ്ടെത്തി. ക്ലര്‍ക്ക് ഷാഹിദ് അലിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലാ മജിസ്‌ട്രേറ്റ് ശൈലേഷ് കുമാറിന്റെ ഉത്തരവിനെ തുടര്‍ന്ന് വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റം ചുമത്തിയതായും എസ്പി അറിയിച്ചു.
അന്വേഷണത്തിനിടെ ശുഭാമും കൂട്ടാളിയായ പര്‍ദീപ് ദുബെയും ചേര്‍ന്നാണ് തന്റെ നീറ്റ് പ്രവേശനത്തിന് സ്വാതന്ത്ര്യ സമര സേനാനി ആശ്രിതരുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് ദിവ്യാന്‍ഷു പോലീസിനോട് പറഞ്ഞു. സമാനിയ ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന തന്റെ പിതാവ് ഡോ. ഘനശ്യാം വര്‍മ്മയില്‍ നിന്ന് ഇരുവരും 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അതില്‍ 5 ലക്ഷം രൂപ ഞായറാഴ്ചയും ബാക്കി തുക പിന്നീട് നല്‍കണമെന്നും പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. വര്‍മ്മയില്‍ നിന്ന് പണം വാങ്ങിയതായി ശുഭാം സമ്മതിക്കുകയും മറ്റുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ശുഭാമിന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
November 26, 2025 1:17 PM IST
എംബിബിഎസ് പ്രവേശനത്തിന് സ്വാതന്ത്ര്യസമരസേനാനി ആശ്രിതരുടെ വ്യാജ സർട്ടിഫിക്കറ്റിന് സഹായിച്ചവർ അറസ്റ്റില്‍
