Leading News Portal in Kerala

തൃശൂരിൽ ഗർഭിണി ഭർതൃവീട്ടിൽ‌ തീകൊളുത്തി മരിച്ചനിലയിൽ; ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്| Pregnant Woman Found Dead After Being Set on Fire at Thrissur Husband Mother-in-Law Booked | Crime


Last Updated:

ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചത്

ഷാരോണും അര്‍ച്ചനയും
ഷാരോണും അര്‍ച്ചനയും

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ അർച്ചന (20)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്ന് കരുതുന്നു.

ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിൻ്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചത്.

ഭർ‌ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണാ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പോലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

അർച്ചന ഭർത്താവിന്റെ വീട്ടിൽ നിരന്തരം ശാരീരികപീഡനം ഉൾപ്പെടെ നേരിട്ടിരുന്നതായി ഇവർ പരാതിയിൽ പറയുന്നു. പെയിൻ്റിംഗ് തൊഴിലാളിയായ ഷാരോൺ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. യുവതിയുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഭാര്യയെ സംശയിച്ചിരുന്നതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഷാരോണിനെയും രജനിയെയും രാത്രി തന്നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് ഇന്ന് ഫോറൻസിക് സംഘത്തിൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പും വിശദ പരിശോധനയും നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തുടർന്നാകും ആശുപത്രിയിലേക്ക് മാറ്റുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും വരന്തിരപ്പിള്ളി പോലീസ് അറിയിച്ചു.

ഷാരണിനെതിരെ യുവതിയുടെ വീട്ടുകാർ

അർച്ചനയെ ഭർത്താവ് ഷാരോൺ നിരന്തരം മർദിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു. അർച്ചന പഠിച്ചിരുന്ന കോളേജിന്റെ മുൻവശത്ത് വച്ച് ഷാരോൺ മർദിച്ചിരുന്നു. ഇക്കാര്യം കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ അർച്ചനയുടെ വീട്ടുകാരെ അറിയിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തങ്ങളുമായി സംസാരിക്കാൻ പോലും ഷാരോൺ അർച്ചനയെ അനുവദിച്ചിരുന്നില്ല എന്ന് കുടുംബം പറയുന്നു.