Leading News Portal in Kerala

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്ന 26-കാരൻ പിടിയിൽ|26-year-old arrested for fleeing to goa with 8th grade girl he met on instagram | Crime


Last Updated:

പ്രതി പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോലീസ് അറിയിച്ചു

News18
News18

വർക്കല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 കാരനെ വർക്കല പോലീസ് പിടികൂടി. വർക്കല തുമ്പോട് തൊഴുവൻചിറ സ്വദേശിയായ ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 18-നാണ് ഇയാൾ പെൺകുട്ടിയുമായി വീട്ടിൽ നിന്ന് കടന്നത്. വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇരുവരും അവിടെനിന്ന് മധുരയിലെത്തി. മധുരയിൽ ഒരു ദിവസം തങ്ങിയ ശേഷം ഉടൻ തന്നെ ഗോവയിലേക്ക് യാത്ര തിരിച്ചു. ഗോവയിൽ കുറച്ച് ദിവസം ചിലവഴിച്ച ശേഷം ഇവർ എറണാകുളത്ത് തിരിച്ചെത്തുകയും അവിടെനിന്ന് വീണ്ടും തമിഴ്‌നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വർക്കല പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയെ കാണാതായ ദിവസം തന്നെ മാതാപിതാക്കൾ വർക്കല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണം വഴിമുട്ടി. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോയ വിവരം ലഭിച്ചത്. പോലീസ് സംഘം തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും പ്രതി പെൺകുട്ടിയുമായി മധുരയിലേക്ക് കടന്നിരുന്നു. പോലീസ് മധുരയിൽ എത്തിയ സമയത്ത് ഇവർ ഗോവയിലേക്കും പോയി. ഗോവയിൽ നിന്ന് തിരികെ എറണാകുളത്തേക്ക് എത്തിയ തക്കത്തിന് പോലീസ് പിന്തുടർന്ന് ബിനുവിനെ പിടികൂടുകയായിരുന്നു.

ഗോവയിലും മധുരയിലും വെച്ച് പ്രതി പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോലീസ് അറിയിച്ചു. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ബിനുവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.