ചിതയ്ക്ക് തീ കൊടുക്കുന്നതിന് തൊട്ടുമുമ്പ് പരിശോധിച്ചപ്പോൾ മൃതദേഹത്തിന് പകരം ഡമ്മി; പൊളിഞ്ഞത് 50 ലക്ഷത്തിന്റെ തട്ടിപ്പ് dummy was found instead of the dead body Just before funeral uncovered a fraud of fifty lakh rupees in Uttar pradesh | Crime
Last Updated:
മൃതദേഹം ദഹിപ്പിക്കാനള്ള തിടുക്കം കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഡമ്മി മൃതദേഹം കണ്ടെത്തിയത്
ചിതയ്ക്ക് തീ കൊടുക്കുന്നതിന് തൊട്ടുമുമ്പ് നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഡമ്മി മൃതദേഹം പുറത്തു കൊണ്ടുവന്നത് 50 ലക്ഷത്തിന്റെ ഇൻഷ്വറൻസ് തട്ടിപ്പ്. ഉത്തർപ്രദേശിലെ ഹാപൂരിലെ ഗർമുക്തേശ്വർ ഗംഗാ ഘട്ടിലാണ് ദഹിപ്പിക്കാനായി നാല് പേർ ചേർന്ന് മൃതദേഹം എന്ന പേരിൽ പ്ളാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ ഡമ്മി മൃതദേഹം കൊണ്ടുവന്ന് പിടിക്കപ്പെട്ടത്.
ബുധനാഴ്ച ഹരിയാന രജിസ്ട്രേഷനിലള്ള ഒരു കാറിലാണ് ഇവർ ഡമ്മി മൃതദേഹം എത്തിച്ചത്. മൃതദേഹം ദഹിപ്പിക്കാനള്ള തിടുക്കം കണ്ട് സംശയം തോന്നിയ നാട്ടുകാർ മൃതദേഹത്തെ പുതപ്പിച്ചിരുന്ന മൂടി മാറ്റി നോക്കിയപ്പോഴാണ് പ്ളാസ്റ്റിക് ഡമ്മിയാണിവർ കൊണ്ടുവന്നതെന്ന് മനസിലാകുന്നത്. വ്യാജ ശവ സംസ്കാരത്തിന്ശ്രമച്ച നാലംഗ സംഘത്തിലെ രണ്ട് പേരെ അപ്പോൾത്തന്നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മറ്റ് രണ്ട് പേർ സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു.
ഡൽഹി കൈലാഷ്പുരി നിവാസിയായ കമൽ സോമാനി, ഉത്തം നഗറിൽ നിന്നുള്ള സുഹൃത്ത് ആശിഷ് ഖുറാന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ ഡൽഹിയിലെ ഒരു ആശുപത്രി യഥാർത്ഥ മൃതദേഹത്തിന് പകരം സീൽ ചെയ്ത ഡമ്മി പാക്കേജ് തെറ്റായി നൽകിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മൊഴികളിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച പൊലീസ് ഇവരെ വിശദമായി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളിലൊരാളായ കമലിന് 50 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഇതിൽ നിന്ന് രക്ഷപെടാനായി തന്റെ മുൻ ജീവനക്കാരൻ അൻഷുൽ കുമാറിന്റെ ആധാർ കാർഡും പാൻ കാർഡും അദ്ദേഹത്തിന്റെ അറിവില്ലാതെ അയാൾ കൈക്കലാക്കുകയും ഒരു വർഷം മുമ്പ് അൻഷുലിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുകയും ചെയ്തു. ഇതിന്റെ പ്രീമിയം ഇദ്ദേഹം അടയ്ക്കുന്നുണ്ടായിരുന്നു.
അൻഷുലിന്റെ മരണമാണെന്ന് വരുത്തി തീർത്ത് വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെടുത്ത് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്ത്, പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് ഗഡ് സർക്കിൾ ഓഫീസർ സ്തുതി സിംഗ് പറഞ്ഞു. തുടർന്ന് ബുധനാഴ്ച, വ്യാജ ശവസംസ്കാരം നടത്താനുള്ള ഉദ്ദേശത്തോടെ മൃതദേഹത്തിന്റെ രൂപത്തിൽ പൊതിഞ്ഞ ഒരു ഡമ്മിയുമായി ഇയാളും സുഹൃത്തുക്കളും എത്തുകയായിരുന്നു.
ദുരൂഹത നീക്കുന്നതിനായി പോലീസ് പ്രയാഗ്രാജിലുള്ള അൻഷുലിനെ ബന്ധപ്പെട്ടു. താൻ ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവാനാണെന്നും തന്റെ പേരിൽ എടുത്തിരിക്കുന്ന ഇൻഷുറൻസ് പോളിസിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രക്ഷപ്പെട്ട രണ്ടുപേർക്കായി തിരച്ചിൽ ആരംഭിച്ചു.
November 28, 2025 9:53 PM IST
ചിതയ്ക്ക് തീ കൊടുക്കുന്നതിന് തൊട്ടുമുമ്പ് പരിശോധിച്ചപ്പോൾ മൃതദേഹത്തിന് പകരം ഡമ്മി; പൊളിഞ്ഞത് 50 ലക്ഷത്തിന്റെ തട്ടിപ്പ്
