കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ|lawyer son hacks father to death mother seriously injured in alappuzha | Crime
Last Updated:
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം
ആലപ്പുഴ: കായംകുളം കളരിക്കലിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നവജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 8.30-ഓടെയാണ് സംഭവം. മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നവജിത്ത് വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ ചോരപുരണ്ട വെട്ടുകത്തിയുമായി നവജിത്ത് വീടിന് പുറത്തു നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ നാട്ടുകാർ ആംബുലൻസിൽ ഇരുവരെയും ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
പ്രതിയായ നവജിത്തിനെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Alappuzha,Alappuzha,Kerala
December 01, 2025 8:13 AM IST
