തൃശ്ശൂരില്‍ ബൈക്ക് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഹോണടിച്ചതിന്‍റെ പേരിൽ തര്‍ക്കം; അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേര്‍ക്ക് കുത്തേറ്റു|3 Including Father and Son Stabbed in Thrissur Following Road Rage Over Honking | Crime
Last Updated:
തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം
തൃശ്ശൂർ: ബൈക്കിൽ യാത്ര ചെയ്യവെ ഹോണടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. മുണ്ടൂർ സ്വദേശികളായ ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനും കേച്ചേരി സ്വദേശിയുമായ കൃഷ്‌ണ കിഷോറിനെതിരെ പോലീസ് കേസെടുത്തു.
ബാഡ്‌മിന്റൺ കളിച്ചശേഷം രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്നു ബിനീഷും സംഘവും. ഇതിനിടെ മുന്നിൽ പോയിരുന്ന കൃഷ്ണ കിഷോറിന്റെ ബൈക്കിന് പിന്നിലെത്തിയ അഭിനവ് രണ്ടുതവണ ഹോണടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കൃഷ്ണ കിഷോർ ഓവർടേക്ക് ചെയ്ത് പോയ ഇവരെ തന്റെ ബുള്ളറ്റിൽ പിന്തുടർന്നെത്തി ക്രോസ് ചെയ്ത് തടഞ്ഞുനിർത്തി. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അഭിനവിനെയും തടയാനെത്തിയ ബിനീഷിനെയും അഭിജിത്തിനെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച കൃഷ്ണ കിഷോറിനെ പരിക്കേറ്റവർ പിന്തുടർന്നെങ്കിലും ഇയാൾ സുഹൃത്തിൻ്റെ കാറിൽ കയറി രക്ഷപ്പെട്ടു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷ്ണ കിഷോർ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതേത്തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു.
Thrissur,Thrissur,Kerala
December 02, 2025 2:19 PM IST
തൃശ്ശൂരില്‍ ബൈക്ക് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഹോണടിച്ചതിന്‍റെ പേരിൽ തര്‍ക്കം; അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേര്‍ക്ക് കുത്തേറ്റു
