ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി Court finds woman guilty of filing false rape complaint against brother-in-law | Crime
Last Updated:
കേസിൽ ഭർതൃസഹോദരൻ അറസ്റ്റിലാവുകയും 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടതായും വന്നു
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് ഡൽഹി കോടതി. യുവതിയെ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചു.5,000 രൂപ പിഴയും ചുമത്തി. ജയശ്രീ എന്നയുവതിയെയാണ് കോടതി ശിക്ഷിച്ചത്. ഭർതൃസഹോദരനെതിരെ ലൈംഗികാതിക്രമത്തിനും പീഡനത്തിനുമാണ് യുവതി വ്യാജമായി പരാതി നൽകിയത്. ഈ കേസിൽ ഭർതൃസഹോദരൻ അറസ്റ്റിലാവുകയും 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടതായും വന്നു.
യുവതിയ്ക്കെതിരെ ഡോക്ടറായ ഭാര്യാസഹോദരൻ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ജയശ്രീയുടെ ആരോപണങ്ങൾ വ്യാജവും അപകീർത്തികരവുമാണെന്ന് അദ്ദേഹം വാദിച്ചു. തന്റെ ഭർതൃസഹോദരൻ തന്നോട് അതിക്രമം കാണിക്കുകയും, പ്രണയബന്ധം പുലർത്തുകയും, നിർബന്ധിച്ച് ചുംബിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃസഹോദരൻ അറസ്റ്റിലായി. എന്നാൽ വിചാരണയ്ക്കിടെ ജയശ്രീ തന്റെ ആരോപണങ്ങൾ പിൻവലിച്ചതിനെത്തുടർന്ന് അയാളെയും മറ്റ് കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
തെറ്റായ പരാതി നൽകിയതായി പൊലീസിന്റെ ചോദ്യം ചെയ്യലിൽ ജയശ്രീ സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ ഒത്തുതീർപ്പിനായി തന്റെ ആരോപണങ്ങൾ പിൻവലിക്കില്ലെന്നും ലൈംഗികാതിക്രമ കേസുകളിൽ ഒത്തുതീർപ്പ് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ സമയത്ത് ആരോപണങ്ങൾ പിൻവലിക്കാൻ യുവതി കാരണങ്ങളൊന്നും ബോധിപ്പിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഒരാളെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ യുവതി ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലെത്തുകയും ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ശിക്ഷ വിധിക്കുകയുമായിരുന്നു. അതേസമയം യുവതിക്ക് അപ്പീൽ നൽകുന്നതിന് സമയം ലഭിക്കുന്നതിനായി ശിക്ഷ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
New Delhi,Delhi
December 13, 2025 10:32 PM IST
