10 ലക്ഷം നൽകിയാൽ 10 കോടി; ഇറിഡിയം തട്ടിപ്പിൽ ഡിവൈഎസ്പിക്ക് പിന്നാലെ കന്യാസ്ത്രീകളും പൂജാരിയും കുടുങ്ങി|Iridium Scam Nuns and Priest Duped of Crores After DYSP Falls for 10 Lakh to 10 Crore Offer | Crime
Last Updated:
വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു
ആലപ്പുഴ: ഇറിഡിയം വിൽപനയിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ ഡിവൈഎസ്പിക്ക് പിന്നാലെ കന്യാസ്ത്രീകളും പൂജാരിയും കുടുങ്ങി. പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പത്ത് കോടി രൂപ തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. ഇടുക്കി, എറണാകുളം ജില്ലകളിലെ ആറ് കന്യാസ്ത്രീകളിൽ നിന്ന് പത്ത് ലക്ഷം രൂപ വീതവും മാവേലിക്കര സ്വദേശിയായ പൂജാരിയിൽ നിന്ന് ഒരു കോടി രൂപയും സംഘം ഇത്തരത്തിൽ തട്ടിയെടുത്തതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു. വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ ശാഖകളായാണ് തട്ടിപ്പ് നടത്തുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വരെ തട്ടിപ്പിന് വിധേയരായെന്നാണ് വിവരം. റിസർവ് പോലീസിലെ ഒരു ഡിവൈഎസ്പിയിൽ നിന്ന് 25 ലക്ഷം രൂപയും ഒരു വനിതാ എസ്ഐയുടെ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിൽ നിന്ന് 10 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു. ഇടുക്കിയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും ചേർന്ന് 39 ലക്ഷം രൂപയാണ് സംഘത്തിന് നൽകിയത്. റിസർവ് ബാങ്ക് വഴി പണം ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുമെന്നും കേസുമായി മുന്നോട്ട് പോയാൽ ഈ തുക നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയായവരെ വർഷങ്ങളോളം സംഘം നിശബ്ദരാക്കിയത്.
മലയോര മേഖലയിൽ നിന്നുള്ള ഒരു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ തങ്ങളുടെ യോഗങ്ങളിൽ പങ്കെടിപ്പിച്ചാണ് സംഘം വിശ്വാസ്യത നേടിയെടുത്തത്. അതേസമയം,തൃശ്ശൂര്‍ കേന്ദ്രീകരിച്ച് മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയ ആന്റണി എന്നയാള്‍ ഒളിവിലാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തട്ടിപ്പുനടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
Ernakulam,Kerala
10 ലക്ഷം നൽകിയാൽ 10 കോടി; ഇറിഡിയം തട്ടിപ്പിൽ ഡിവൈഎസ്പിക്ക് പിന്നാലെ കന്യാസ്ത്രീകളും പൂജാരിയും കുടുങ്ങി
