Leading News Portal in Kerala

ഓഷ്യന്‍സ് ഇലവന്‍ സിനിമാ സ്‌റ്റൈലില്‍ ബാങ്കില്‍ നിന്ന് 314.19 ലക്ഷം കോടി രൂപയുടെ സ്വര്‍ണവും പണവും കൊള്ളയടിച്ചു Gold and cash worth more than three hundred lakh crores rupees looted from German bank in Oceans Eleven movie style | Crime


Last Updated:

ബാങ്കിലെ 3,000ത്തിലധികം സേഫ് ഡെപ്പോസിറ്റ് ബോക്‌സുകൾ തകര്‍ത്ത് പണവും ആഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ക്രിസ്മസ് അവധിക്കിടെ ജര്‍മ്മനിയിലെ ഗെല്‍സെന്‍കിര്‍ച്ചെന്‍ നഗരത്തിലെ സ്പാര്‍ക്കാസ് സേവിംഗ്‌സ് ബാങ്ക് ശാഖയിൽ കവര്‍ച്ച നടത്തി കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും കൊള്ളയടിച്ചു. സ്വര്‍ണവും ആഭരണങ്ങളും പണവും ഉള്‍പ്പെടെ ഏകദേശം 35 മില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 314.19 ലക്ഷം കോടി രൂപയുടെ) വസ്തുക്കളാണ് കൊള്ളക്കാര്‍ കവര്‍ന്നതെന്ന് പോലീസും ബാങ്ക് വൃത്തങ്ങളും അറിയിച്ചു.

കൊള്ളക്കാര്‍ ബാങ്കിന്റെ ഭൂഗര്‍ഭ അറ വലിയ ഡ്രില്‍ ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ശാഖയിലെ 3,000ത്തിലധികം സേഫ് ഡെപ്പോസിറ്റ് ബോക്‌സുകൾ തകര്‍ത്ത് പണവും ആഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോഷ്ടാക്കള്‍ ഇപ്പോഴും ഒളിവിലാണ്.

ബാങ്ക് ശാഖയിലെ 3,250 സേഫ് ഡെപ്പോസിറ്റ് ബാക്‌സുകളില്‍ 95 ശതമാനവും അജ്ഞാതരായ കൊള്ളക്കാര്‍ കുത്തിതുറന്നതായി ബാങ്ക് ഉദ്യോഗസ്ഥര്‍ ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ബാങ്ക് കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ഡ്രില്‍ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാക്കള്‍ നിലവറ അറയിലേക്ക് എത്തിയതെന്ന് പോലീസ് അറിയിച്ചു.

ബാങ്ക് കൊള്ളയടിക്കപ്പെട്ട വാര്‍ത്ത പടര്‍ന്നതോടെ ആശങ്കയിലായ നൂറുകണക്കിന് ഉപഭോക്താക്കള്‍  ബാങ്കിലേക്ക് എത്തി. അവരുടെ നിക്ഷേപ വിവരങ്ങള്‍ ആവശ്യപ്പെട്ട് ബാങ്കിനു മുന്നില്‍ തടിച്ചുകൂടി. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ബാങ്ക് അടച്ചിട്ടിരിക്കുകയാണ്.

ക്രിസ്മസ് ആയതിനാല്‍ കഴിഞ്ഞയാഴ്ച വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജര്‍മ്മനിയില്‍ ബാങ്ക് അവധിയായിരുന്നു. അവധിയായതിനാല്‍ കവര്‍ച്ചാ സംഘം ദിവസങ്ങളോളം കെട്ടിടത്തിനുള്ളില്‍ ചെലവഴിച്ചിട്ടുണ്ടാകാമെന്നും ഡെപ്പോസിറ്റ് ബോക്‌സുകള്‍ കുത്തിതുറന്നിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ച ഫയല്‍ അലാറം മുഴങ്ങിയതോടെയാണ് ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നാണ് ബാങ്കിന്റെ നിലവറ തുരന്നതായി കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഗാരേജിന്റെ പടിക്കെട്ടില്‍ നിരവധി ആളുകള്‍ വലിയ ബാഗുകളുമായി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഖംമൂടി ധരിച്ച വ്യക്തികളുമായി തിങ്കളാഴ്ച പുലര്‍ച്ചെ ഒരു ഔഡി ആര്‍എസ് 6 വാഹനം പാര്‍ക്കിംഗ് ഗാരേജില്‍ നിന്ന് പുറത്തേക്ക് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ബാങ്ക് കവര്‍ച്ച വളരെ പ്രൊഫഷണല്‍ ആയാണ് ആസൂത്രണം ചെയ്തതെന്നും കൊള്ളക്കാര്‍ രക്ഷപ്പെട്ടതായി കരുതുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മുമ്പ് ഹാനോവര്‍ നഗരത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും പോലീസ് പറയുന്നു. ‘ഓഷ്യന്‍സ് ഇലവന്‍’ എന്ന സിനിമയിലേതുപോലുള്ള കവര്‍ച്ചയാണ് നടന്നിട്ടുള്ളതെന്നും വളരെ പ്രൊഫഷണലായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കുറ്റകൃത്യമാണിതെന്നും പോലീസ് വക്താവ് എഎഫ്പിയോട് പറഞ്ഞു.

കൊള്ളയടിക്കപ്പെട്ട സേഫ് ഡെപ്പോസിറ്റ് ബോക്‌സുകള്‍ക്ക് പരമാവധി 10,000 യൂറോയില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് കവറേജ് മൂല്യം ലഭിക്കും. ഏകദേശം 30 മില്യണ്‍ യൂറോയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. നിരവധി ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂര്‍ ചെയ്ത തുകയേക്കാള്‍ കൂടുതല്‍ നഷ്ടം സംഭവിച്ചതായാണ് വിവരം. ഇതോടെ പരിഭ്രാന്തിയിലായ ജനം ബ്രാഞ്ചിന് പുറത്ത് തടിച്ചുകൂടുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് അറിയിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബാങ്കിനു പുറത്ത് പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു. ഉപഭോക്താക്കളെ സഹായിക്കാനായി ഒരു ഉപഭോക്തൃ ഹോട്ട് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കളെയും വിവരം രേഖമൂലം അറിയിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് വക്താവ് ഫ്രാങ്ക് ക്രള്‍മാന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഓഷ്യന്‍സ് ഇലവന്‍ സിനിമാ സ്‌റ്റൈലില്‍ ജര്‍മ്മന്‍ ബാങ്കില്‍ നിന്ന് 314.19 ലക്ഷം കോടി രൂപയുടെ സ്വര്‍ണവും പണവും കൊള്ളയടിച്ചു