കർണാടകയിൽ ദളിത് യുവതിയെ റോഡിലിട്ട് കുത്തിക്കൊന്നു; പ്രതി വനത്തിൽ തൂങ്ങിമരിച്ച നിലയിൽ | Dalit Woman Stabbed To Death Accused Found Dead In Karnataka Forest | Crime
Last Updated:
പ്രതിയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്
ബെംഗളൂരു: ഉത്തര കന്നഡയിലെ യെല്ലാപ്പൂരിൽ മുപ്പതുകാരിയായ ദളിത് യുവതിയെ പൊതുനിരത്തിൽ കുത്തിക്കൊന്നു. കലമ്മ നഗർ സ്വദേശിനി രഞ്ജിത ഭാനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി റഫീഖ് ഇമാംസാബിനെ (30) ഞായറാഴ്ച യെല്ലാപ്പൂരിന് സമീപത്തെ വനത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സ്കൂൾ കാലഘട്ടം മുതൽ പരസ്പരം അറിയാവുന്നവരായിരുന്നു രഞ്ജിതയും റഫീഖും. വിവാഹിതയായ രഞ്ജിത കഴിഞ്ഞ 12 വർഷമായി മഹാരാഷ്ട്രയിലായിരുന്നു താമസം. പത്തുവയസ്സുള്ള ഒരു മകനുണ്ട്. എന്നാൽ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ കുറച്ചുകാലമായി യെല്ലാപ്പൂരിലെ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത.
രഞ്ജിതയുടെ വീട്ടിൽ ഭക്ഷണത്തിനായി റഫീഖ് സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഇയാൾ രഞ്ജിതയെ നിർബന്ധിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. രഞ്ജിതയും കുടുംബവും ഈ ആവശ്യം നിരസിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എസ്.പി ദീപൻ എം.എൻ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റഫീഖ് രഞ്ജിതയെ കത്തികൊണ്ട് ആക്രമിച്ചത്.
കൊലപാതകത്തിന് പിന്നാലെ യെല്ലാപ്പൂരിൽ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വിവിധ ഹിന്ദു സംഘടനകൾ യെല്ലാപ്പൂരിൽ ബന്ദിന് ആഹ്വാനം ചെയ്തു. സംഭവം ‘ലവ് ജിഹാദ്’ ആണെന്ന് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്താലിക് ആരോപിച്ചു. ഒറ്റയ്ക്ക് താമസിക്കുന്നതോ വിധവകളോ ആയ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രഞ്ജിതയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും രണ്ട് ഏക്കർ ഭൂമിയും നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പാർട്ടി വകയായി അഞ്ച് ലക്ഷം രൂപ അദ്ദേഹം ഉടൻ കൈമാറുകയും ചെയ്തു. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ ഇത് ലവ് ജിഹാദ് അല്ലെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെല്ലാപ്പൂരിൽ സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
Bangalore,Karnataka
Jan 05, 2026 11:14 AM IST
