ഒത്തില്ലാ! പിണങ്ങിയ കാമുകിയെ ഇണക്കാൻ കാറിടിപ്പിച്ച് രക്ഷകനായി; പൊലീസെത്തിയപ്പോൾ യുവാവും സുഹൃത്തും പിടിയിൽ|Youth and friend arrested after a fake accident for getting sympathy from lover | Crime
Last Updated:
ഡിസംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്
പത്തനംതിട്ട: പ്രണയിനിയുടെയും കുടുംബത്തിന്റെയും അനുകമ്പ പിടിച്ചുപറ്റി വിവാഹം ഉറപ്പിക്കാനായി വാഹന അപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും അറസ്റ്റിൽ. യുവതി സഞ്ചരിച്ച സ്കൂട്ടർ കാറിടിച്ച് വീഴ്ത്തി വധശ്രമം നടത്തിയ കേസിൽ കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജൻ, സുഹൃത്ത് അജാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഞ്ജിത്തിന്റെ കാമുകി സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ വാഴമുട്ടത്ത് വെച്ച് സുഹൃത്തായ അജാസ് കാറിടിച്ച് വീഴ്ത്തുകയായിരുന്നു. രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം ആസൂത്രണം ചെയ്ത അപകടമായിരിന്നു ഇതെന്ന് പൊലീസ് പറയുന്നു. അപകടത്തിന് ശേഷം ഇടിച്ച കാർ നിർത്താതെ പോയി. പിന്നാലെ മറ്റൊരു കാറിൽ പിന്തുടരുകയായിരുന്ന രഞ്ജിത്ത് നാടകീയമായി സ്ഥലത്തെത്തുകയും താൻ യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയെ സ്വന്തം കാറിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷകൻ ചമഞ്ഞ് കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്ത് വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു രഞ്ജിത്തിന്റെ ലക്ഷ്യം. എന്നാൽ യുവതിക്ക് ദേഹമാസകലം പരിക്കേറ്റതിനെ തുടർന്ന് കോന്നി പൊലീസ് വാഹനാപകടത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് നാടകത്തിന്റെ ചുരുളഴിഞ്ഞത്. അന്വേഷണത്തിൽ അപകടം മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. രക്ഷകനായി അവതരിച്ച് പെൺകുട്ടിയുടെ വീട്ടുകാരുടെ കണ്ണിൽ നല്ല ചെറുപ്പക്കാരൻ എന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഇരുവർക്കുമെതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു.
Pathanamthitta,Pathanamthitta,Kerala
ഒത്തില്ലാ! പിണങ്ങിയ കാമുകിയെ ഇണക്കാൻ കാറിടിപ്പിച്ച് രക്ഷകനായി; പൊലീസെത്തിയപ്പോൾ യുവാവും സുഹൃത്തും പിടിയിൽ
