Leading News Portal in Kerala

പണത്തിനായി മകളെ വിറ്റു; 16-കാരിയെ പത്തുപേർ ചേർന്ന് പീഡിപ്പിച്ചു: പിതാവും മുത്തശ്ശിയും അറസ്റ്റിൽ | 16-Year-Old Sold by Father and Grandmother Gang-Raped by 10 Men in Mangaluru | Crime


Last Updated:

പെൺകുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

News18
News18

മൈസൂരു: സ്വന്തം ചോരയിൽ പിറന്ന മകളെ പണത്തിനായി പെൺവാണിഭ സംഘത്തിന് വിൽപന നടത്തിയ പിതാവും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ കർണാടകയിൽ അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ ബിരൂർ ഹോബ്ലിയിലാണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ പിതാവ് ഗിരീഷ്, മുത്തശ്ശി നാഗരത്ന, പെൺകുട്ടിയെ വിലയ്ക്ക് വാങ്ങിയ ഭരത് ഷെട്ടി എന്നിവരെയാണ് ബിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

അമ്മ മരിച്ചുപോയ പെൺകുട്ടിയെ പിതാവും മുത്തശ്ശിയും ചേർന്ന് പണത്തിന് പകരമായി ഭരത് ഷെട്ടി എന്നയാൾക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ മംഗളൂരുവിലെത്തിച്ചു. അവിടെ വെച്ച് ആറു ദിവസത്തിനുള്ളിൽ പത്തുപേർ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകി. പീഡനം സഹിക്കവയ്യാതെ മംഗളൂരുവിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി എങ്ങനെയോ സ്വന്തം നാട്ടിലെത്തി അമ്മാവനെ വിവരം അറിയിക്കുകയായിരുന്നു.

അമ്മാവൻ കുട്ടിയെയും കൂട്ടി ബിരൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഉടൻ തന്നെ പോലീസ് നടപടി സ്വീകരിക്കുകയും മൂന്ന് പേരെയും പിടികൂടുകയും ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മകളെ സംരക്ഷിക്കേണ്ടവർ തന്നെ പണത്തിനായി അവളെ നരകത്തിലേക്ക് തള്ളിക്കൊടുത്ത വാർത്ത നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.