Leading News Portal in Kerala

മകളെ വിവാഹം കഴിച്ചുനൽകണമെന്ന ആവശ്യം നിരസിച്ചതിന് 41കാരിയെ 31കാരൻ തീ കൊളുത്തി കൊന്നു| Woman Set Ablaze for Denying Marriage Proposal Dies after 20 days in bengaluru | Crime


Last Updated:

സംഭവം നാട്ടുകാർക്കിടയിലും ഇരയുടെ കുടുംബാംഗങ്ങൾക്കിടയിലും വ്യാപകമായ പ്രതിഷേധത്തിനും കാരണമായി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മകളെ വിവാഹം കഴിച്ചുനൽ‌കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് തീ കൊളുത്തിയ 41കാരി ചികിത്സയിലിരിക്കെ മരിച്ചു. മൂന്നാഴ്ചയോളം മരണത്തോട് മല്ലിട്ട ശേഷമാണ് അന്ത്യം സംഭവിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഗീത എന്ന സ്ത്രീയാണ് ജനുവരി 6ന് രാത്രി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ വച്ച് മരിച്ചത്.

ബെംഗളൂരുവിലെ ഭോവി കോളനിയിൽ പലചരക്ക് കട നടത്തിവരികയായിരുന്നു ഗീത. ഇതേ പ്രദേശത്ത് ചായക്കട നടത്തുന്ന മുത്തു അഭിമന്യു (31) ആണ് പ്രതി. ഇയാൾക്ക് ഗീതയെയും കുടുംബത്തെയും നേരത്തെ അറിയാമായിരുന്നു. ഗീതയുടെ മകളെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുത്തു നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഗീത ഈ ആവശ്യം നിരസിച്ചതിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ ഗീതയുടെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡിസംബർ 23നായിരുന്നു സംഭവം.

ഗുരുതരമായി പൊള്ളലേറ്റ ഗീതയെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് തൊട്ടുപിന്നാലെ ബസവേശ്വരനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഗീതയുടെ മരണത്തെത്തുടർന്ന് പ്രതിക്കെതിരെ ചുമത്തിയിരുന്ന വധശ്രമ കുറ്റം കൊലപാതകമായി മാറ്റി.

ഈ സംഭവം നാട്ടുകാർക്കിടയിലും ഇരയുടെ കുടുംബാംഗങ്ങൾക്കിടയിലും വ്യാപകമായ പ്രതിഷേധത്തിനും ദുഃഖത്തിനും കാരണമായിട്ടുണ്ട്. വിവാഹ സംബന്ധമായ തർക്കങ്ങൾ എപ്രകാരമാണ് അതിഭീകരമായ അക്രമങ്ങളായി മാറുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് ഈ കുറ്റകൃത്യമെന്ന് പലരും അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബെംഗളൂരുവിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ കേസ് വീണ്ടും സജീവമാക്കിയിട്ടുണ്ട്. പ്രതിക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു.