ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ; 14 ദിവസത്തേക്ക് റിമാൻഡിൽ | Rahul Mamkootathil Remanded for 14 days | Crime
Last Updated:
വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്
പത്തനംതിട്ട: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ രാഹുൽ ജയിലിലേക്ക് പോകും. കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഇത് പിന്നീട് പരിഗണിക്കാമെന്ന നിലപാടാണ് മജിസ്‌ട്രേറ്റ് സ്വീകരിച്ചത്. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാകും അദ്ദേഹത്തെ മാറ്റുക.
പത്തനംതിട്ട എ.ആർ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ആശുപത്രിയിലേക്ക് എത്തിക്കുന്നത് മുതൽ കോടതിയിൽ ഹാജരാക്കുന്നത് വരെ വഴിനീളെ ശക്തമായ പ്രതിഷേധങ്ങളാണ് രാഹുലിന് നേരെ ഉണ്ടായത്. ഡിവൈഎഫ്‌ഐ, യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധം സംഘടിപ്പിച്ചു.
വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്. നേരത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പൽ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങൾ.
Pathanamthitta,Kerala
