പാലക്കാട് ദമ്പതികളെ വെട്ടിക്കൊന്നു; നാലുവയസ്സുകാരന് ഗുരുതര പരിക്ക്; ബന്ധുവായ യുവാവ് പിടിയിൽ|Elderly Couple Hacked to Death 4-Year-Old Grandson Seriously Injured in Palakkad | Crime
Last Updated:
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്
പാലക്കാട്: തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫിയെ പോലീസ് അറസ്റ്റ് ചെയ്തു. റാഫിയും സുല്‍ഫിയത്തും തമ്മില്‍ വേര്‍പിരിഞ്ഞുകഴിയുകയാണ്. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വളർത്തുമകൾ സുൽഫിയത്ത് പരിക്കേറ്റ നാലുവയസ്സുകാരനുമായി വീടിന് പുറത്തേക്ക് ഓടിവന്ന് നിലവിളിച്ചപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പോലീസ് എത്തിയപ്പോൾ പ്രതിയായ മുഹമ്മദ് റാഫി വീട്ടിൽനിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. സ്വന്തം കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു റാഫി. തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ പ്രദേശത്തെ പള്ളിക്കാട്ടിൽ വെച്ച് ഇയാളെ പിടികൂടി. അതേസമയം, കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പിടിയിലായ മുഹമ്മദ് റാഫിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുടുംബവഴക്കാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Palakkad,Palakkad,Kerala
