കടയിൽ സാധനം വാങ്ങാൻ വരുന്ന ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ 72-കാരന് 3 വർഷം തടവും പിഴയും|72-Year-Old Shopkeeper Sentenced to 3 Years Imprisonment for Molesting Schoolboys in Idukki | ക്രൈം വാർത്തകൾ
Last Updated:
2025-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്
ചെറുതോണി: സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എഴുപത്തിരണ്ടുകാരന് 3 വർഷം തടവും പിഴയും. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്ത് വീട്ടിൽ ചാക്കോ മത്തായി (72)യെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബൽ മൂന്നുവർഷം തടവിനും 20,000 രൂപ പിഴയ്ക്കും വിധിച്ചത്.
2025-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കമണി സ്കൂളിന്റെ പരിസരത്ത് കട നടത്തിയിരുന്ന പ്രതി സാധനങ്ങൾ വാങ്ങാനെത്തുന്ന ആൺകുട്ടികളോട് നിരന്തരം മോശമായി പെരുമാറാറുണ്ടായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കുട്ടികൾ കൂട്ടത്തോടെയെത്തി ചോദ്യം ചെയ്യുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ മറ്റൊരു വ്യാപാരിയുടെ നിർദേശപ്രകാരമാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്.
സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് തങ്കമണി പോലീസാണ് കേസെടുത്തത്. പിഴത്തുകയിൽ 10,000 രൂപ ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് ഹാജരായി.
Feb 26, 2026 11:22 AM IST
