Leading News Portal in Kerala

വിനോദ് തോമസിന്റെ മരണത്തിന് കാരണം എസിയിൽ നിന്ന് പുറത്തുവന്ന വിഷവാതകമോ? നടൻ സ്റ്റാർട്ടാക്കിയ കാറിലിരുന്നത് മണിക്കൂറുകൾ


കോട്ടയം: സിനിമ-സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം ആയിരുന്നു വിനോദിന്റെ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയിൽ ഹോട്ടൽ ജീവനക്കാരാണ് കണ്ടത്.

2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ വിനോദ് ഇരുന്നെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറുകളോളം കാണാതെ വന്നതോടെയുള്ള അന്വേഷണത്തിനൊടുവിലാണ് വിനോദിനെ കാറിനകത്ത് ഹോട്ടൽ ജീവനക്കാർ കണ്ടെത്തിയത്. തട്ടി വിളിച്ചിട്ടും വിനോദ് കാർ തുറന്നില്ല. ഇതോടെ ഹോട്ടൽ ജീവനക്കാർ വിവരം മറ്റുള്ളവരെയും അറിയിച്ചു.

ഒടുവിൽ സ്ഥലത്തെത്തിയവർ കാറിന്റെ ചില്ല് പൊട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിനോദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എ സിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്.